കുഞ്ഞുമോളുടെ കുട്ടനാടൻ വെളിച്ചെണ്ണ ഇനി കേരള ബ്രാൻഡ്‌

ആലപ്പുഴ പുന്നമടയിലെ എംആർഎൽ കുട്ടനാട്‌ കോക്കനട്ട്‌ ഓയിൽ യൂണിറ്റിൽ കുഞ്ഞുമോൾ


ആലപ്പുഴ അച്ഛൻ ചെറിയാൻ തോമസ്‌ ചക്കിലാട്ടി എള്ളെണ്ണ ഉണ്ടാക്കുന്നത്‌ കണ്ടാണ്‌ കുഞ്ഞുമോൾ വളർന്നത്‌. വർഷങ്ങൾക്കിപ്പുറം സ്വന്തമായി വെളിച്ചെണ്ണ ഉൽപ്പാദിപ്പിച്ച്‌ കേരളത്തിന്റെ സ്വന്തം ബ്രാൻഡെന്ന അംഗീകാരവും നേടിയിരിക്കുകയാണ്‌ ഈ 72കാരി. ജില്ലയിൽ ആദ്യമായാണ്‌ ഈ അംഗീകാരം.    ദിവസേന ആയിരം ലിറ്റർ ഉൽപ്പാദിപ്പിക്കുന്ന കുഞ്ഞുമോളുടെ എംആർഎൽ കുട്ടനാട്‌ കോക്കനട്ട്‌ ഓയിൽ നാട്ടിലും ഉത്തരേന്ത്യയിലും  ഹിറ്റാണ്‌.  മൈസ്‌റ്റോർ ആപ്പിലൂടെയാണ്‌ വിപണിയിൽ തരംഗമായത്‌.  ലിറ്ററിന്‌ 400 രൂപയാണ്‌ വില.  ഹെയർ ഓയിലിന്‌ 100- എംഎല്ലിന്‌ 250- രൂപയും.    അന്താരാഷ്‌ട്ര സംരംഭക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിലാണ്‌ മന്ത്രി പി രാജീവ് മെയ്ഡ് ഇൻ കേരള ബ്രാൻഡ് സർട്ടിഫിക്കറ്റ് നൽകിയത്‌. കേരളത്തിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും ആഗോള നിലവാരത്തിലെത്തിച്ച് രാജ്യാന്തര വിപണിയിൽ വിപണനസാധ്യത വർധിപ്പിക്കുന്ന പദ്ധതിയാണിത്‌.  ആരംഭിച്ചത്‌ കോവിഡ്‌ കാലത്ത്‌ 2020ൽ കോവിഡ്‌ കാലത്താണ്‌ വെളിച്ചെണ്ണമിൽ എന്ന ആശയം കുഞ്ഞുമോൾക്ക്‌ തോന്നുന്നത്‌. മക്കളായ അജു ജേക്കബ്‌ മാത്യു, രാജു ചെറിയാൻ മാത്യു, തോമസ്‌ മാത്യു എന്നിവർ ഒപ്പംനിന്നു. 2022 നവംബറിൽ എംപിയായിരുന്ന എ എം ആരിഫാണ്‌ ആലപ്പുഴ പുന്നമടയിൽ എംആർഎൽ കുട്ടനാടൻ കോക്കനട്ട് ഓയിൽ യൂണിറ്റ്‌  ഉദ്‌ഘാടനംചെയ്തത്‌. നവംബറോടെ പ്രവർത്തനം ആരംഭിച്ചു.    വ്യവസായവകുപ്പിന്റെ ‘ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ’ പദ്ധതിയിലാണ്‌ യൂണിറ്റ്‌ ആരംഭിക്കുന്നത്‌. പദ്ധതി തയ്യാറാക്കാനും ലൈസൻസുകൾ നേടുന്നതിനുമടക്കം വ്യവസായവകുപ്പിന്റെ സഹകരണം ലഭിച്ചു. മില്ലിൽ അഞ്ച്‌ തൊഴിലാളികളുണ്ട്‌.   Read on deshabhimani.com

Related News