സംയുക്ത ട്രേഡ് യൂണിയന്‍ 
അയ്യരുപാറ എസ്റ്റേറ്റ് പിടിച്ചെടുത്തു

പിടിച്ചെടുത്ത അയ്യരുപാറ എസ്റ്റേറ്റ് ഭൂമിയിൽ തൊഴിലാളികൾ കുടിൽ കെട്ടുന്നു


കട്ടപ്പന തൊഴിലാളികളുടെ ശമ്പളക്കുടിശിക നൽകാത്തതിനാൽ അയ്യപ്പൻകോവിൽ അയ്യരുപാറ എസ്റ്റേറ്റ് ഭൂമി മലനാട് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ(സിഐടിയു) നേതൃത്വത്തിലുള്ള സംയുക്ത ട്രേഡ് യൂണിയൻ പിടിച്ചെടുത്തു. തൊഴിലാളികൾ ഭൂമിയിൽ കുടിൽകെട്ടി പ്രതിഷേധിച്ചു. തൊഴിലാളികൾക്ക് ഒരേക്കർ ഭൂമിവീതം വീതിച്ചുനൽകാനാണ് തീരുമാനം. വരുംദിവസങ്ങളിൽ കൂടുതൽ തൊഴിലാളികളെ പങ്കെടുപ്പിച്ച് മാനേജ്‌മെന്റിനെതിരെ സമരം ശക്തമാക്കാനാണ് തീരുമാനം. മൂന്നുവർഷമായി ശമ്പളക്കുടിശിക, ഗ്രാറ്റുവിറ്റി, ബോണസ് ഇനങ്ങളിൽ 15 കോടി രൂപയാണ് 315 തൊഴിലാളികൾക്കായി മാനേജ്‌മെന്റ് നൽകാനുള്ളത്. ഉടമയുമായി യൂണിയൻ പലതവണ ചർച്ച നടത്തിയിട്ടും കുടിശിക നൽകാനോ തോട്ടത്തിൽ ജോലികൾ പുനരാരംഭിക്കാനോ തയാറായില്ല. ഇതോടെ തൊഴിലാളികളെ അണിനിരത്തി ഭൂമി പിടിച്ചെടുക്കുകയായിരുന്നു. തൊഴിലാളികൾക്ക് ലഭിക്കുന്ന ഭൂമിയിൽ കൃഷി ആരംഭിക്കാനും നിർദേശം നൽകി. ആദ്യപടിയായി കുടിൽ നിർമിച്ചു. 420ലേറെ ഏക്കർ വരുന്ന തോട്ടമാണിത്.  മാനേജ്‌മെന്റിന്റെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് എസ്റ്റേറ്റ് ഭൂമി മലനാട് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റ് കെ എസ് വിജയൻ, സുൽത്താനിയ ബ്രാഞ്ച് സെക്രട്ടറി എം ടി ബാബു, എക്‌സിക്യുട്ടീവംഗം സെയ്ദുമുഹമ്മദ് എന്നിവർ അറിയിച്ചു. Read on deshabhimani.com

Related News