തെന്മല പരപ്പാർ ഡാം ഷട്ടറുകൾ തുറന്നു
കൊല്ലം വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ തെന്മല പരപ്പാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. വെള്ളി പകൽ 11ന് ഡാമിന്റെ മൂന്നു ഷട്ടറും അഞ്ചുസെന്റിമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. വെള്ളി പകൽ 11ന് ഷട്ടർ തുറക്കാനുള്ള സൈറൺ നൽകി ഇടതുവശത്തെ ഷട്ടറാണ് ആദ്യം ഉയർത്തിയത്. അൽപ്പസമയത്തിനകം വലതുവശത്തെയും തുടർന്ന് മധ്യഭാഗത്തെയും ഷട്ടർ ഉയർത്തി. 115.82 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ വെള്ളി പകൽ 1.30ന് 107.51 മീറ്റർ ജലനിരപ്പാണ് രേഖപ്പെടുത്തിയത്. സംഭരണശേഷിയുടെ 65.16 ശതമാനമാണിത്. 2018ലെ വെള്ളപ്പൊക്കത്തെ തുടർന്ന് ഏർപ്പെടുത്തിയിട്ടുള്ള റൂൾ കർവ് പ്രകാരം (ഡാമിൽ ദിവസവും പരമാവധി കരുതാവുന്ന ജലനിരപ്പ്) 30വരെ നിലനിർത്താവുന്ന പരമാവധി ജലനിരപ്പ്- 106.69 മീറ്ററാണ്. അധിക ജലമാണ് ഇപ്പോൾ ഷട്ടർ തുറന്ന് കല്ലടയാറ്റിലേക്ക് ഒഴുക്കുന്നത്. സെക്കൻഡിൽ 45–-50 എംക്യൂബ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. സെക്കൻഡിൽ ശരാശരി 98.85മീറ്റർ ക്യൂബ് വെള്ളമാണ് ഒഴുകിയെത്തുന്നത്. ഷട്ടറുകൾ തുറന്നതോടെ കല്ലടയാറ്റിലും പുഴയുടെ കൈവഴികളിലും ജലവിതാനം ഉയർന്നു. പുഴയോരവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ 24മണിക്കൂറിനുള്ളിൽ എട്ട് മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. 15 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദനവും നടക്കുന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ 50സെന്റിമീറ്റർ വരെ പടിപടിയായി ഉയർത്തി അധികജലം കല്ലടയാറ്റിലേക്ക് ഒഴുക്കാനാണ് തീരുമാനം. എന്നാൽ, മഴയും ഡാമിലേക്കുള്ള നീരൊഴുക്കും പരിഗണിച്ചാകും ഇത് നടപ്പാക്കുക. ഡാമിന്റെ വൃഷ്ടിപ്രദേശത്തെ ശെന്തുരുണി ഉൾപ്പെടെയുള്ള കാടുകളിൽ വെള്ളി പകൽ മഴയ്‌ക്ക് നേരിയ ശമനമുണ്ട്. Read on deshabhimani.com