അയൺ ഓക്‌സൈഡ് ഇഷ്‌ടിക 
നിര്‍മാണവുമായി കെഎംഎംഎൽ



  ചവറ ടൈറ്റാനിയം ഡയോക്‌സൈഡ് നിര്‍മാണപ്രക്രിയയുടെ ഭാഗമായുണ്ടാകുന്ന അയൺ ഓക്‌സൈഡിനെ നിര്‍മാണസാമഗ്രിയായ ബ്രിക്‌ ആക്കിമാറ്റുന്നതിനുള്ള പ്രവര്‍ത്തനം കേരള മിനറൽസ്‌ ആന്റ്‌ മെറ്റൽസ്‌  ലിമിറ്റഡിൽ(കെഎംഎംഎൽ) തുടങ്ങി.  അയണോക്‌സൈഡ് ഇഷ്ടികകളാണ് ആദ്യഘട്ടത്തിൽ നിര്‍മിക്കുക. മാനേജിങ് ഡയറക്ടര്‍ പി പ്രദീപ്കുമാര്‍ അയൺ ഓക്‌സൈഡ് ഇഷ്ടിക നിര്‍മാണയൂണിറ്റ് ഉദ്ഘാടനംചെയ്‌തു. കമ്പനിയുടെ എന്‍വിയോണ്‍മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി. ആദ്യഘട്ടത്തിൽ 8 ലക്ഷം ഇഷ്ടികകള്‍ നിര്‍മിക്കുകയെന്നതാണ്‌ ലക്ഷ്യം. ചുറ്റുമതില്‍, പ്ലാന്റ്‌ സൗന്ദര്യവല്‍ക്കരണം, ഗാര്‍ഡന്‍ ഡിസൈനിങ് എന്നിങ്ങനെ കമ്പനിയിലെ വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് ഇഷ്ടിക ഉപയോഗിക്കുക. നേരത്തെ സ്വന്തമായി കണ്ടെത്തിയ സാങ്കേതികവിദ്യയിലൂടെ അയൺ ഓക്‌സൈഡില്‍ നിന്ന് ഇരുമ്പ് വേര്‍തിരിച്ചെടുത്തിരുന്നു. ഇതിന്റെ മൂന്നാംഘട്ട പരീക്ഷണം ഇവിടെ നടന്നുവരികയുമാണ്. അഞ്ച് ടണ്‍ അയണ്‍ സിന്ററുകളാണ് അന്ന്‌ കള്ളിയത്ത് ടിഎംടിയിലേക്ക് അയച്ചത്‌. അവ ഉപയോഗിച്ച് ടിഎംടി കമ്പികളും ഇരുമ്പ് ബാറുകളും നിര്‍മിച്ചിരുന്നു. ഉല്‍പ്പാദനപ്രക്രിയയുടെ ഭാഗമായുണ്ടാകുന്ന അയോണോക്‌സൈഡ് വലിയ പോണ്ടുകളിലാണ്‌ നിലവിൽ സംരക്ഷിച്ചിരിക്കുന്നത്‌. പുതിയ സാങ്കേതികവിദ്യകളും വൈവിധ്യവല്‍ക്കരണവും അയണോക്‌സൈഡ് മൂലമുണ്ടാകുന്ന പാരിസ്ഥിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ്‌ കണ്ടെത്തൽ.   Read on deshabhimani.com

Related News