ജോയിക്ക്‌ കോര്‍പറേഷൻ
വീട്‌ നിർമിക്കും



തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലെ റെയിൽവേയുടെ അധീനതയിലുള്ള ഭാഗം ശുചീകരിക്കുന്നതിനിടെ മരിച്ച തൊഴിലാളി ജോയിക്ക്‌ വീട് നിർമിച്ച്‌ നൽകാൻ കോർപറേഷൻ കൗൺസിൽ യോ​ഗം തിരുമാനിച്ചു. തീരുമാനം സർക്കാരിനെ അറിയിക്കും.  കോർപറേഷന്റെ നിലപാടിനോട് ബിജെപി വിയോജിച്ചു. മാലിന്യം നീക്കാൻ കരാർ നൽകിയത് റെയിൽവേ അല്ലേയെന്ന മേയറുടെ ചോദ്യത്തിൽ ബിജെപി കൗൺസിലർമാർക്ക്‌ ഉത്തരമില്ലായിരുന്നു. മുഖ്യമന്ത്രി, മന്ത്രിമാർ, ഡെപ്യൂട്ടി മേയർ, കലക്ടർ, കൗൺസിലർമാർ, അ​ഗ്നിരക്ഷാസേന, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർക്ക് നന്ദിയറിച്ചാണ് മേയർ യോ​ഗം ആരംഭിച്ചത്.  രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ സജീവമായിരുന്ന ഡെപ്യൂട്ടി മേയറെയും ബിജെപി വിമർശിച്ചു. 
ബിജെപിയെ മുഖവിലയ്ക്കെടുക്കേണ്ടെന്നും 10 രൂപയുടെ പൂവ് വാങ്ങി ജോയിക്ക് ആദരം അർപ്പിക്കാത്തവരാണ് നഷ്ടപരിഹാരത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും ഡെപ്യൂട്ടി മേയർ പി കെ രാജു പറഞ്ഞു.  മേയറുടെ രാജി ആവശ്യപ്പെട്ട് നടുത്തളത്തിൽ ഇറങ്ങി ബിജെപി പ്രതിഷേധിച്ചു. ഇതിനിടെ അജൻഡ പാസാക്കി കൗൺസിൽ പിരിഞ്ഞു. 
യുഡിഎഫ് അംഗങ്ങൾ മേയർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കൗൺസിലിൽനിന്ന് ഇറങ്ങിപ്പോയി. Read on deshabhimani.com

Related News