ഞങ്ങള്‍ വൃത്തിയാക്കും നിങ്ങൾ ഒപ്പം വേണം

പുലർച്ചെ നാലിന് കിഴക്കേകോട്ടയിൽ ശുചീകരണങ്ങൾ ആരംഭിച്ച നഗരസഭാ തൊഴിലാളികളായ 
ബിനു സൈമണും ബിനുകുമാറും


ന​ഗരം ഉറങ്ങിയുണരുന്നതിനുമുമ്പേ ന​ഗരത്തിന്റെ ഓരോ കോണും വ-ൃത്തിയാണെന്ന് ഉറപ്പിക്കുന്ന കൂട്ടർ. നീലയോ കാക്കിയോ ഉടുപ്പിട്ട് ഓറഞ്ച് ​ഗ്ലൗസും കൈയിലണിഞ്ഞ് ശുചിത്വത്തിന്റെ കാവൽക്കാരായി മാറിയവർ. കോവിഡ് കാലത്തും പ്രളയകാലത്തും വ്യക്തിശുചിത്വം നമ്മൾ പാലിച്ചപ്പോഴും റോഡിലും ഓടയിലും വലിച്ചെറിയപ്പെട്ട മാലിന്യത്തിൽനിന്ന് രോ​ഗം പടരാതെയിരിക്കാൻ സ്വന്തം ആരോ​ഗ്യംമറന്ന് നാടിനെ വൃത്തിയാക്കിയവർ. ന​ഗരത്തിന്റെ ശുചീകരണസേന...  വെള്ളിയാഴ്ച പുലർ‌ച്ചെ നാല്. പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള വിശ്വാസികളുടെ തിരക്ക് തുടങ്ങുന്നതേയുള്ളൂ... കിഴക്കേകോട്ട പരിസരത്ത് മാലിന്യമെടുക്കുന്ന ഉന്തുവണ്ടിയും ചൂലുമായി രണ്ടുപേർ. ബിനുകുമാറും ബിനു സൈമണും. കോർപറേഷൻ ഫോർ‌ട്ട് ​ഹെൽത്ത്സോണിലെ ദിവസവേതന തൊഴിലാളികളാണ്. നടപ്പാതയുടെ അരികിൽ ഓടിയിലേക്ക് വീഴാനൊരുങ്ങിനിൽക്കുന്ന പ്ലാസ്റ്റിക് കവർ തുറന്ന് അതിൽനിന്ന് ഒഴിഞ്ഞ മിക്സർ പാക്കറ്റും പൊട്ടിയ ​ഗ്ലാസിന്റെ അവശിഷ്ടവും എന്തൊക്കെയോ പേപ്പറുകളും തരംതിരിക്കുകയാണ്.  ഊരാക്കുടുക്കിട്ട പ്ലാസ്റ്റിക് കവറുകളിലെ ഓരോ വെയ്‌സ്റ്റും പ്രത്യേകമായെടുത്ത് പല ചാക്കുകളിലേക്ക് ഇടുന്നു. അതിനിടയിൽ പൊട്ടിച്ചെറിഞ്ഞ മദ്യക്കുപ്പികളും. വ്യാഴാഴ്ചയും ഇരുവരും ഇവിടെ വ-ൃത്തിയാക്കിയപ്പോഴും ചാക്കുനിറച്ച് മാലിന്യമെടുത്തതാണ്.  ഓരോ നിമിഷവും ഇവരുടെ ചൂലിന്റെ ചലനവും നടപ്പിന്റെ വേ​ഗവും കൂടുന്നുണ്ട്. വാഹനങ്ങളുടെ തിരക്ക് കൂടുന്നതിനുമുമ്പേ എല്ലായിടവും വൃത്തിയാക്കണം. ജൈവവും അജൈവവുമായി വേർതിരിച്ച് എയ്‌റോബിക് ബിന്നിലോ എംആർഎഫുകളിലോ എത്തിക്കും. ഏകദേശം എട്ടോടെ ഇവരുടെ ജോലി കഴിയും.  രാവിലെ 5.30ന് മണക്കാട് ഏത്തക്കുല മാർക്കറ്റിലേക്ക് ലോഡുകൾ എത്തിത്തുടങ്ങിയെങ്കിലും കച്ചവടക്കാരുടെ തിരക്ക് വരുന്നതേയുള്ളൂ. ചവിട്ടിയരച്ച വാഴയിലയും പേപ്പറുമെല്ലാം കൂടിക്കലർന്ന് കിടക്കുന്നത് വാരിക്കൂട്ടുകയാണ് വാസന്തി.  ബസുകൾ സർവീസ് ആരംഭിക്കുന്നതിനുമുമ്പ്‌ ഇവയെല്ലാം മാറ്റാനുള്ള തിരക്കിലാണ് അവർ. പ്രധാന റോ‍ഡുകളില്ലാത്ത സെക്‌ഷനുകളിൽ പകൽ ഒന്നുവരെ വൃത്തിയാക്കൽ നടക്കും.  എംആർഎഫിൽ എത്തിക്കുന്ന മാലിന്യം കോർപറേഷൻ അം​ഗീകൃത ഏജൻസികൾ ഏറ്റെടുക്കും. ന​ഗരത്തിന്റെ ശുചീകരണത്തിന് 999 തൊഴിലാളികളുണ്ട്. 3.5 ടൺ‌ പ്ലാസ്റ്റിക് മാലിന്യം പ്രതിമാസം ഇവർ ശേഖരിക്കുന്നെന്നാണ് കോർപറേഷൻ കണക്ക്‌ സൂചിപ്പിക്കുന്നത്.    മഴയാണെങ്കിൽ 
ബുദ്ധിമുട്ടാണ് മഴ മാറിനിൽക്കുന്നതുകൊണ്ട് വെയ്‌സ്റ്റ് എടുക്കാൻ ബുദ്ധിമുട്ടില്ല. പക്ഷേ, മഴയാണെങ്കിൽ കുതിർന്നുകിടക്കുന്ന മിഠായിക്കടലാസൊക്കെ നുള്ളിപ്പെറുക്കിയെടുക്കണം. ഉപയോ​ഗിച്ച ഡയപ്പറുകളൊക്കെ വഴിയിലാണ് ഇടുന്നത്. ടൂറിസ്റ്റ് ബസുകളും കെഎസ്ആർടിസിയുമെല്ലാം അവരുടെ വെയ്‌സ്റ്റ്‌ തള്ളുന്നത് റോഡിലേക്കാണ്. ആരോടുമൊരു പരാതിക്കും ഞങ്ങളില്ല, എല്ലാവരും വൃത്തിയുടെ ഭാ​ഗമാകണമെന്ന ആ​ഗ്രഹം മാത്രമാണ്. കഴിഞ്ഞദിവസങ്ങളിൽ ഇവിടത്തെ ജോലിക്കുശേഷം ആമയിഴഞ്ചാൻ തോട്ടിലെ കാണാതായ ജോയിയുടെ തിരച്ചിലിലും ഭാ​ഗമായി. ഇതെല്ലാം ഞങ്ങളുടെ ജോലിയുടെ ഭാ​ഗമാണ്.
ബിനു സൈമൺ   രോഗങ്ങൾ വിളിച്ചുവരുത്തുന്ന 
ജോലി ദിവസം നാലുമണിക്കൂറേ ജോലിയുള്ളൂവെങ്കിലും സാഹസികമാണ്‌ ശുചീകരണമെന്ന തൊഴിൽ. നമ്മൾ വലിച്ചെറിയുന്ന, തൊടാനോ ഇറങ്ങാനോ മടിക്കുന്ന മാലിന്യക്കൂമ്പാരങ്ങളിലേക്ക്‌ ധൈര്യത്തോടെ ഇറങ്ങിച്ചെല്ലുന്നവർ. സുരക്ഷയ്ക്കായി മാസ്കും ഗ്ലൗസുമൊക്കെയുണ്ടെങ്കിലും രോഗങ്ങളെ വിളിച്ചുവരുത്തുന്ന ജീവിതം ജീവിച്ചുതീർക്കുന്നവരാണ്‌ ശുചീകരണ തൊഴിലാളികൾ.   മാലിന്യങ്ങളുമായുള്ള നിരന്തര സമ്പർക്കം ത്വക്ക്‌ സംബന്ധിയായ നിരവധി രോഗങ്ങളാണ്‌ ഭാവിയിൽ ഉണ്ടാക്കുക. മഞ്ഞപ്പിത്തം സ്ഥിരമായി സ്ഥിരീകരിക്കുന്ന മറ്റൊരു രോഗമാണ്‌. എലിപ്പനി, അണുബാധ, ബ്രോങ്കൈറ്റിസ്‌, അർബുദം എന്നിവയ്ക്കും സാധ്യതയുണ്ട്‌. ശുചീകരണ തൊഴിലാളികളുടെ ശരാശരി ആയുർദൈർഘ്യം 40-–-45 വർഷമാണെന്നാണ്‌ കണക്കുകൾ പറയുന്നത്‌. ദേശീയ ശരാശരിയായ 70 വർഷത്തേക്കാൾ വളരെ കുറവാണിത്‌. Read on deshabhimani.com

Related News