കൊറ്റന്‍കുളങ്ങര ക്ഷേത്രത്തില്‍ മോഷണം: 
പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ



ചവറ കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. കരുനാഗപ്പള്ളി തൊടിയൂര്‍ പുലിത്തിട്ട വടക്കതില്‍ അനില്‍കുമാറിനെ (സൂര്യന്‍, -50)-യാണ് ചവറ പൊലീസ് അറസ്റ്റ്‌ ചെയ്തത്. ശ്രീകോവിലിനു മുന്നിലെ കെടാവിളക്കും പൂജയ്ക്ക്‌ ഉപയോഗിക്കുന്ന  ചെറിയ മൂന്ന് വിളക്കുമാണ് മോഷണം പോയത്. വ്യാഴം പുലര്‍ച്ചെ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്.  ചവറ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി കാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതിനിടെ കരുനാ​ഗപ്പള്ളിയിലെ ആക്രിക്കടയിൽ ഇയാൾ തൊണ്ടിമുതലുകൾ വിൽക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഇവ സമീപത്തെ ഒരു കടയില്‍ ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞ പ്രതിയെ കരുനാഗപ്പള്ളി മാളിയേക്കലില്‍നിന്നാണ് അറസ്റ്റ്‌ ചെയ്തത്. നേരത്തെയും മോഷണക്കേസിൽ അറസ്റ്റിലായ ആളാണ് അനിൽകുമാർ. ചവറ എസ്എച്ച്ഒ കെ ആര്‍ ബിജു, എസ്ഐ അനീഷ് കുമാര്‍, എസ്‍സിപിഒമാരായ രഞ്ജിത്, അനില്‍, മനീഷ്, സിപിഒ സുജിത്‌ എന്നിവർ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. Read on deshabhimani.com

Related News