കാണണം മനുഷ്യസ്‌നേഹത്തിന്റെ ഈ മാതൃക

കെഎസ്‌ആർടിസി ഡ്രൈവർ എം വി പ്രകാശൻ, കണ്ടക്ടർ കെ രാജേഷ് 
എന്നിവർ ബസിന് മുന്നിൽ


രാജപുരം യാത്രയ്‌ക്കിടെ കെഎസ്‌ആർടിസി ബസിൽ കുഴഞ്ഞ വീണ യുവാവിനെ അതേ ബസ്സിൽ  ആശുപത്രിയിലെത്തിച്ച്‌  ജീവനക്കാർ. വ്യാഴം രാവിലെ 8.30 ഓടെ പാണത്തൂരിൽനിന്നും കാഞ്ഞങ്ങാടേക്ക്‌ പോകുന്ന കെഎസ്ആർടിസി ബസ് ചുള്ളിക്കര എത്തിയപ്പോഴാണ്‌ മുൻനിരയിലെ സീറ്റിലിരുന്ന  പെരുമ്പള്ളി സ്വദേശി കാഞ്ഞങ്ങാട് ചെമ്മണ്ണൂർ ജ്വല്ലറി ജീവനക്കാരൻ ശ്രീരാജ്‌  (28)  കുഴഞ്ഞുവീണത്‌.   യുവാവിന്റെ ബോധം നഷ്ടപ്പെട്ടതായി മനസ്സിലാക്കിയ കണ്ടക്ടർ ഉടൻ ഡ്രൈവറോട്  ആശുപത്രിക്ക് ബസ് വിടാൻ നിർദേശിച്ചു.  ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള പൂടംകല്ല് താലൂക്ക് ആശുപത്രിലേക്കാണ്‌ ബസ്‌  എത്തിയത്‌.   ചെറു വാഹനങ്ങൾ കടന്നുപോകുന്ന ഇടവഴിയിലൂടെ സാഹസികമായാണ്‌  ബസ്‌ ഓടിയത്‌. അത്യാഹിത വിഭാഗത്തിൽ എത്തിച്ച യുവാവിന്‌  പ്രാഥമിക ചികിത്സ നൽകി.  മറ്റു പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന്‌  ഉറപ്പാക്കിയ ശേഷം ബസ് കാഞ്ഞങ്ങാടേക്കുള്ള സർവീസ്  തുടർന്നു. കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവർ എം വി പ്രകാശൻ, കണ്ടക്ടർ കെ രാജേഷ്  എന്നിവരാണ്‌ യുവാവിനെ ആശുപത്രിയിലെത്തിച്ച്‌  ജീവൻ രക്ഷിച്ചത്. യുവാവിനെ കൃത്യസമയത്ത്‌ ആശുപത്രിയിലെത്തിക്കാനും ഉടൻ ചികിത്സ ലഭ്യമാക്കാനും സാധിച്ചതിൽ അഭിമാനമുണ്ടെന്ന്‌  ഡ്രൈവർ എം വി പ്രകാശനും കണ്ടക്ടർ രാജേഷും പറഞ്ഞു.  കാസർകോട്ടെ നേഴ്‌സ് ടിജിമോളും ബസ്സിൽ ആശുപത്രിവരെ യുവാവിനൊപ്പം സഞ്ചരിച്ചു. ഇവരുടെ സമയോചിതമായ ഇടപെടലിൽ കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാനായി.   ശ്രീരാജിന് രണ്ടു ദിവസമായി പനിയായിരുന്നു. രക്തസമ്മർദം കൂടിയിരുന്നുവെന്ന്‌   ഡോക്ടർ പറഞ്ഞു.    Read on deshabhimani.com

Related News