സഫലം അതിദരിദ്രസർവേ; മിന്നുവിന്‌ ജീവിതത്തണൽ

മിന്നുവിനെ കൂടപ്പുഴ "അനുഗ്രഹ സദൻ' സംരക്ഷണകേന്ദ്രത്തിലെത്തിച്ചപ്പോള്‍


മറ്റത്തൂർ  പതിമൂന്നുവയസ്സുകാരി  മിന്നു പ്രേമന്റെ അച്ഛനും അമ്മയും  ചെറുപ്രായത്തിൽ   മരണപ്പെട്ടു.  കണ്ണുകളില്ലാത്ത അവൾ  ശാരീരിക,- മാനസിക വെല്ലുവിളികളും നേരിടുന്നു. അതിദരിദ്രരെ കണ്ടെത്താനുള്ള  സംസ്ഥാന സർക്കാർ സർവേയിൽ അവളുടെ  ദുരിതജീവിതം അടയാളപ്പെട്ടു.  മറ്റത്തൂർ പഞ്ചായത്തിന്റെയും   സാമൂഹികനീതി വകുപ്പിന്റെയും അടിയന്തര ഇടപെടൽവഴി   മിന്നുവിന്‌ പുതുജീവിതവും തണലും ഒരുങ്ങി.   മിന്നുവിന്റെ അമ്മയുടെ വെള്ളിക്കുളങ്ങരയിലുള്ള അമ്മായിയുടെ സംരക്ഷണയിലായിരുന്നു താമസം. അമ്മൂമ്മയ്‌ക്ക്‌ പ്രായമേറെയായി. ഹൃദ്രോഗിയുമാണ്‌. 11 പേരടങ്ങുന്ന  കുടുംബം ഒന്നിച്ച്‌ ചെറിയ വീട്ടിലാണ് താമസിച്ചിരുന്നത്. മിന്നുവിന്‌ ഓട്ടിസത്തിന്റെ ലക്ഷണങ്ങളും കാലിന് ബലക്കുറവും ഉള്ളതിനാൽ നടക്കുന്നതിനും പ്രാഥമിക കൃത്യങ്ങൾ ചെയ്യുന്നതിനും മറ്റുള്ളവരുടെ സഹായം ആവശ്യമായിരുന്നു. കുട്ടിയെ സംരക്ഷിക്കുന്നതിന്‌ വീട്ടുകാർ ഏറെ പാടുപ്പെട്ടിരുന്നു. ഈ  സമയത്താണ്‌  മറ്റത്തൂർ പഞ്ചായത്തിന്റെ അതിദരിദ്ര സർവേ നടന്നത്‌.    മറ്റത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ് അശ്വതി വിബിയുടെ  ഇടപെടൽ വഴി കലക്ടറേറ്റിൽനിന്നുള്ള പ്രത്യേക നിർദേശപ്രകാരം ആധാർ, റേഷൻ കാർഡ് മുതലായ രേഖകൾ  കുട്ടിക്ക്‌  ശരിയാക്കി നൽകി.  സിവിൽ സപ്ലൈസ് വിഭാഗത്തിന്റെ സഹായത്തോടെ കുട്ടിയുടെ  പകരക്കാരനായി മറ്റൊരാളെ ഉപയോഗിച്ച് റേഷനും നൽകി.   പഞ്ചായത്തിന്റെ ‘ഭിന്നശേഷിക്കാർക്ക് ഉപകരണം വാങ്ങൽ' എന്ന പദ്ധതിയിലൂടെ ഐസിഡിഎസ് വഴി നൽകിയ പീഡിയാട്രിക് വീൽചെയറും കമ്മോഡ് ചെയർ വിത്ത് വീൽ എന്നീ ഉപകരണങ്ങളും നൽകി.  ഇതോടെ    കുട്ടി  എഴുന്നേൽക്കാനും മറ്റുള്ളവരുടെ സഹായത്തോടെ നടക്കാനും തുടങ്ങി.  കുട്ടിയെ സംരക്ഷണ സ്ഥാപനത്തിലേക്ക്‌ മാറ്റാമെന്ന്‌ പഞ്ചായത്തധികൃതർ അറിയിച്ചു. ആദ്യം വീട്ടുകാർ തയ്യാറായില്ല.  കുട്ടിയുടെ ഭാവിയെ കരുതി ഒടുവിൽ വീട്ടുകാർ  സമ്മതിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസിന്റെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും സഹായത്തോടെ കുട്ടിയെ കൂടപ്പുഴ ‘അനുഗ്രഹ സദൻ'  സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.  2025 നവംബർ ഒന്നോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണ്‌.  പരമ ദരിദ്രാവസ്ഥയിൽ കഴിയുന്ന  64,000ൽപ്പരം കുടുംബങ്ങളെ കണ്ടെത്തി. അവരെ സംരക്ഷിക്കാനുള്ള നടപടികളാണ്‌  പുരോഗമിക്കുന്നത്‌. Read on deshabhimani.com

Related News