ഹോസ്‌റ്റലിലെ ഭക്ഷ്യവിഷബാധ ഭൂരിഭാഗം വിദ്യാർഥികളും ആശുപത്രി വിട്ടു
കണ്ണൂർ കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ ഹോസ്‌റ്റലിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സതേടിയ വിദ്യാർഥികളിൽ ഭൂരിഭാഗവും ആശുപത്രി വിട്ടു. അസ്വസ്ഥതയുണ്ടായ 40 കുട്ടികളിൽ 12 പേരാണ് എ കെ ജി, കൊയിലി ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്. വെള്ളിയാഴ്‌ച ഉച്ചഭക്ഷണത്തിനുശേഷമാണ് മുൻസിപ്പൽ സ്‌കൂളിലെ വിദ്യാർഥിനികൾക്ക് അസ്വസ്ഥതയുണ്ടായത്. ഇവരെ ജില്ലാ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്‌ക്കുശേഷം എ കെ ജി, കൊയിലി, ശ്രീചന്ദ് ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. ആയിക്കര മത്സ്യമാർക്കറ്റിൽനിന്ന് വാങ്ങിയ ഓല (കുട്ടിക്കൊമ്പൻ) മീനിൽനിന്നാണ് വിഷബാധയേറ്റതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സ്പോർട്സ് ഹോസ്റ്റലിലും ആയിക്കര മത്സ്യമാർക്കറ്റിലും പരിശോധന നടത്തി. മത്സ്യത്തിന്റെ സാമ്പിൾ കോഴിക്കോട് റീജണൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ പരിശോധനയ്‌ക്കയച്ചു. ഭക്ഷ്യവസ്തുക്കൾ ലൈസൻസ് മാനദണ്ഡം പാലിക്കുന്നവരിൽനിന്ന് ഗവ. സ്‌പോർട്‌സ് ഹോസ്റ്റലിലെ കുട്ടികൾക്ക് ലൈസൻസ് മാനദന്ധങ്ങൾ പാലിക്കുന്നവരിൽനിന്ന് മാത്രം ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദേശം. കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്ന് മുനിസിപ്പൽ സ്‌കൂളിൽചേർന്ന വിവിധ വകുപ്പുകളുടെ യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷ വകുപ്പ്, കോർപ്പറേഷൻ ആരോഗ്യവിഭാഗം, കായിക വകുപ്പ് അധികൃതർ, സ്പോർട്സ് ഹോസ്റ്റൽ അധികൃതർ, മുനിസിപ്പൽ സ്കൂൾ അധികൃതർ, പിടിഎ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. നടപടിയെടുക്കണം: എസ്‌എഫ്‌ഐ സ്പോർട്സ് ഡിവിഷൻ ഹോസ്റ്റലിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ സംഭവമന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് നാലാംതവണയാണ് വീഴ്‌ച ആവർത്തിക്കുന്നത്. കായികമേഖലയുടെ മികവുയർത്താൻ സംസ്ഥാന സർക്കാർ നിരന്തരം ഇടപെടുമ്പോഴും ഇത്തരം വിഷയങ്ങളുണ്ടാകുന്നത് ഗൗരവമുള്ളതാണ്. ഭക്ഷണവിതരണത്തിന് ടെൻഡർ ഏറ്റെടുത്ത ഏജൻസി വീഴ്ചവരുത്തുന്നുവെന്നാണ് മനസിലാകുന്നത്. നല്ല ഭക്ഷണം നൽകാൻ അടിയന്തര ഇടപെടലുണ്ടാകണമെന്നും എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു. Read on deshabhimani.com