ധീരസ്‌മരണകൾ നിറഞ്ഞു എസ്‌എഫ്‌ഐ ജില്ലാ സമ്മേളനത്തിന് തുടക്കം
പിണറായി രക്തസാക്ഷികളുടെ ധീരസ്‌മരണകളോടെ എസ്‌എഫ്‌ഐ ജില്ലാസമ്മേളനത്തിന് പിണറായിയിൽ തുടക്കം. കൺവൻഷൻ സെന്ററിലെ ‘അഷ്‌റഫ് ’ നഗറിൽ പ്രതിനിധി സമ്മേളനം നോവലിസ്‌റ്റ് ബെന്യാമിൻ ഉദ്‌ഘാടനം ചെയ്‌തു. രക്തസാക്ഷികളായ കെ വി സുധീഷ്, കെ വി റോഷൻ, ധീരജ് രാജേന്ദ്രൻ, കെ സി രാജേഷ്, അഷ്‌റഫ് എന്നിവരുടെ ഓർമകൾ പുതുക്കിയാണ് സമ്മേളനം തുടങ്ങിയത്. കെ വി റോഷന്റെ അമ്മ നാരായണി, ധീരജ് രാജേന്ദ്രന്റെ മാതാപിതാക്കളായ രാജേന്ദ്രൻ–-പുഷ്‌പകല എന്നിവരും പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് വിഷ്‌ണുപ്രസാദ് പതാക ഉയർത്തി. ശരത് രവീന്ദ്രൻ രക്തസാക്ഷി പ്രമേയവും ടി പി അഖില അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ കെ ശശിധരൻ സ്വാഗതം പറഞ്ഞു. വിഷ്‌ണു പ്രസാദ്, ടി പി അഖില, കെ ഗിരീഷ്, മുബഷീർ, ജോയൽ തോമസ്, ശിവപ്രിയ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. അശ്വന്ത് മട്ടന്നൂർ (മിനുട്‌സ്), നിവേദ് (പ്രമേയം), ശരത് (ക്രഡൻഷ്യൽ), ബിനിൽ (രജിസ്‌ട്രേഷൻ) എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു. സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ഇ അഫ്സൽ, വി വിചിത്ര, വൈഷ്ണവ് മഹേന്ദ്രൻ, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി കെ ശ്യാമള എന്നിവർ സംസാരിച്ചു. 18 ഏരിയകളിൽനിന്നായി 350 പ്രതിനിധികൾ പങ്കെടുക്കുന്നു. ഞായറാഴ്ച സമാപിക്കും. നീറ്റ് - –-നെറ്റ് പരീക്ഷയിൽ അട്ടിമറി നടത്തിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്നും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. Read on deshabhimani.com