മകളുടെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി മന്ത്രിയെത്തി
ചെങ്ങന്നൂർ മകളുടെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി മന്ത്രിയെത്തി. മന്ത്രി സജി ചെറിയാനാണ് കാരക്കോണം ഡോ. സോമർവെൽ മെമ്മോറിയൽ മെഡിക്കൽ കോളേജിൽ എംബിബിഎസ് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത്. മകൾ ശ്രവ്യ എസ് ചെറിയാൻ അച്ഛനിൽ നിന്ന് ബിരുദം ഏറ്റുവാങ്ങി. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മേൽ അധ്യക്ഷനായി. ശ്രവ്യയുടെ അമ്മ ക്രിസ്റ്റീന ചെറിയാനും സദസിലുണ്ടായിരുന്നു. ഇതോടെ കൊഴുവല്ലൂർ തെങ്ങുംതറയിൽ വീട്ടിൽ ഡോക്ടർമാരുടെ എണ്ണം മൂന്നായി. മൂത്ത സഹോദരി ഡോ. നിത്യ എസ് ചെറിയാൻ ബെൽഗാമിൽ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിൽ പീഡിയാട്രിക്‌സിലും രണ്ടാമത്തെ സഹോദരി ദൃശ്യ എസ് ചെറിയാൻ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ റേഡിയോളജിയിലും എം ഡി വിദ്യാർഥിനികളാണ്. ശ്രവ്യയും ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്. Read on deshabhimani.com