കേരളത്തിന്റെ പൊന്നമ്മ, കലാകേന്ദ്രത്തിന്റെ നായിക
കൊല്ലം കൊല്ലത്തിന്റെ കലാഭൂപടത്തിൽ നിർണായക സ്ഥാനമുള്ള കാളിദാസ കലാകേന്ദ്രത്തിന്റെ ആദ്യ നാടകത്തിലെ നായികയായ കവിയൂർ പൊന്നമ്മയെ ഓർത്തെടുത്ത് നാടകാചാര്യൻ ഒ മാധവന്റെയും അഭിനേത്രി വിജയകുമാരിയുടെയും മകളും നടിയുമായ സന്ധ്യ രാജേന്ദ്രൻ. ‘‘വേർപ്പെടുത്താനാകാത്ത ബന്ധമാണ് ചേച്ചിക്ക് ജില്ലയുമായുണ്ടായിരുന്നത്. പി കെ വിക്രമൻനായർ സംവിധാനവും വൈക്കം ചന്ദ്രശേഖരൻനായർ രചനയും നിർവഹിച്ച കലാകേന്ദ്രത്തിന്റെ "ഡോക്ടർ'എന്ന ആദ്യ നാടകത്തിൽ ഡോക്ടർ ജയശ്രീയായി എത്തിയത് ചേച്ചിയാണ്. കഥാപാത്രങ്ങൾ തന്നെ പാടി അഭിനയിക്കുകയാണ് അന്നത്തെ രീതി. "പൂക്കാരാ പൂക്കാരാ കൈക്കുമ്പിളിൽ നിന്നൊരു പൂ തരുമോ' എന്ന പ്രശസ്തമായ നാടകഗാനം പാടി മിന്നുംപ്രകടനമാണ് ചേച്ചി നടത്തിയത്. രണ്ടാമത്തെ നാടകമായ അൽത്താരയിലും നായികയായിരുന്നു. മഹാനായ പൊൻകുന്നം വർക്കി എഴുതിയ നാടകം അച്ഛൻ ഒ മാധവനാണ് സംവിധാനം ചെയ്തത്. കലാകേന്ദ്രത്തിന്റെ ഭാഗമായതുമുതൽ നീണ്ട വർഷങ്ങൾ ആ കുടുംബം കൊല്ലത്തായിരുന്നു താമസം. കലാകേന്ദ്രത്തിന്റെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ചുള്ള ഒ മാധവൻ മെമ്മോറിയൽ അവാർഡ് വാങ്ങാനായും കൊല്ലത്ത് എത്തിയിരുന്നു’’ –- സന്ധ്യ രാജേന്ദ്രൻ പറഞ്ഞു. Read on deshabhimani.com