അമേരിക്കൻ മരുന്നിൽ 
പ്രതീക്ഷയർപ്പിച്ച് രോഗികൾ



തിരുവനന്തപുരം  അൽഷിമേഴ്സ് രോഗം പുരോഗമിക്കുന്നതിന്റെ തോത് കുറയ്ക്കുന്ന മോണോക്ലോണൽ ആന്റിബോഡിയിൽ പ്രതീക്ഷയർപ്പിച്ച് രോഗികൾ. അമേരിക്കയിൽ ഏതാണ്ട് ഒരുവർഷംമുമ്പ് കണ്ടുപിടിച്ച ലെകാൻമാബ്‌ എന്ന ഈ മരുന്ന് നിലവിലുള്ള മറ്റു മരുന്നുകളെക്കാൾ രോഗത്തിന്റെ തോത് കുറയ്ക്കാൻ ഫലപ്രദമാണെന്നാണ് കണ്ടെത്തൽ.  ഒരുവർഷത്തിനകം ഈ മരുന്ന് ഇന്ത്യയിലും ലഭ്യമാകുമെന്നാണ് വിലയിരുത്തൽ. ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന രോഗമല്ലാത്തതിനാൽ രോഗത്തിന്റെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്ന മരുന്നുകളാണ് നിലവിൽ നൽകിവരുന്നത്. സാധാരണഗതിയിൽ 65 വയസ്സ്‌ മുതലാണ് അൽഷിമേഴ്സ് പിടിപെടുന്നത്. പ്രായമേറുന്തോറും ബുദ്ധിമുട്ടുകളും ഓർമക്കുറവും വർധിക്കും. രോഗികളോടുള്ള കരുതൽ ഈ വേളയിൽ അത്യാവശ്യമാണ്. എപ്പോഴും കർമനിരതരാക്കുന്ന പ്രവർത്തനങ്ങൾ രോഗികൾക്ക് പ്രയോജനം ചെയ്യും.  ചെസ് കളിപ്പിക്കുക, പത്രം വായിപ്പിക്കുക, ഗ്രൂപ്പ് ആക്ടിവിറ്റീസിൽ ഏർപ്പെടുക എന്നിവയെല്ലാം അൽഷിമേഴ്സ് രോഗം പുരോഗമിക്കുന്നതിന്റെ തോത് കുറയ്ക്കും. കേരളത്തിൽ ആയുർദൈർഘ്യം കൂടുതലായതുകൊണ്ട് വാർധക്യത്തിലുണ്ടാകുന്ന മറ്റു രോഗങ്ങളിലെന്നപോലെ അൽഷിമേഴ്സും കൂടി വരുന്നുണ്ട്.  65 വയസ്സിന്‌ മുകളിലുള്ളവർക്കാണ് പൊതുവേ രോഗലക്ഷണങ്ങൾ കണ്ടുവരാറുള്ളതെങ്കിലും ജനിതകമായ കാരണങ്ങളാൽ 45 വയസ്സ്‌ മുതലുള്ളവർക്കും അപൂർവമായെങ്കിലും രോഗലക്ഷണങ്ങളുണ്ടാകാം.  എന്നാൽ രോഗബാധിതരിൽ 95 ശതമാനം രോഗികളും 65 വയസ്സ്‌ കഴിഞ്ഞവരാണെന്ന് ശ്രീചിത്ര മെഡിക്കൽ സെന്ററിലെ ന്യൂറോളജി വിഭാഗം അസി. പ്രൊഫ. ഡോ. ആശിഷ് വിജയരാഘവൻ പറഞ്ഞു. Read on deshabhimani.com

Related News