സ്കൂളുകളുടെ മേന്മ വിദ്യാർഥികളുടെ മികവിൽ: മുഖ്യമന്ത്രി

പിണറായി എ കെ ജി ജിഎച്ച്എസ്എസ്‌ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനംചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർഥികൾ കളിക്കുന്നത് കാണുന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമീപം


പിണറായി  വിദ്യാർഥികൾ സമൂഹത്തിന് ഗുണകരമാകുന്നവിധം സൃഷ്ടിക്കപ്പെടുമ്പോഴാണ്  സ്‌കൂളിന്റെ  മേന്മ ഉയരുന്നതെന്ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി എ കെ ജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ  ഹയർസെക്കൻഡറി ബ്ലോക്ക്, ഇൻഡോർ സ്‌റ്റേഡിയം, സ്മാർട്ട് ക്ലാസ് മുറികൾ, സ്‌കൂൾ ഹാൾ എന്നിവ  ഉദ്ഘാടനംചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  സ്‌കൂളുകളുടെ യശസ്സ് നിലനിൽക്കുന്നത്  സൗകര്യങ്ങളിലല്ല എന്ന് എപ്പോഴും കാണണം. എന്നാൽ സ്‌കൂളിന് ആവശ്യമായ സൗകര്യങ്ങൾ ഉണ്ടാവുകയും വേണം. സ്‌കൂളിന്റെ യശസ്സ് സ്കൂളിൽനിന്ന് പുറത്തുവരുന്ന വിദ്യാർഥികൾ നേടുന്ന യോഗ്യതയുടെ, കഴിവിന്റെ  അടിസ്ഥാനത്തിലാണ്. വിദ്യാർഥികൾ ഈ പ്രായത്തിൽ വഴിമാറാതിരിക്കാൻ പ്രത്യേകമായി ശ്രദ്ധിക്കണം. വഴിമാറ്റാൻ ചില ശ്രമങ്ങൾ ഉണ്ടായേക്കാം. നമ്മുടെ സമൂഹത്തിൽ ശരിയല്ലാത്ത അത്തരം ചില പ്രവണതയുണ്ട്. അതിന് തടയിടാനാകണമെന്നും   മുഖ്യമന്ത്രി പറഞ്ഞു.  സ്‌കൂൾ മുൻ പ്രിൻസിപ്പൽ ആർ ഉഷാനന്ദിനി,  സിവിൽ സർവീസ് പരീക്ഷയിൽ 701ാം റാങ്ക് നേടിയ പൂർവവിദ്യാർഥി കെ സായന്ത്, പിഡബ്ല്യഡി ബിൽഡിങ്ങ് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ എസ് ബി ലജീഷ് കുമാർ, നിർമാണ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകിയ യുഎൽസിസിഎസ്, പിക്കോസ്  സ്ഥാപനങ്ങളെയും കരാറുകാരൻ ടി പി പ്രകാശനെയും അനുമോദിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ,  ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി പി അനിത, പിണറായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രാജീവൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ  കോങ്കി രവീന്ദ്രൻ, മുഹമ്മദ്‌ അഫ്സൽ, ചന്ദ്രൻ കല്ലാട്ട് തുടങ്ങിയവർ സംസാരിച്ചു.    Read on deshabhimani.com

Related News