കുടുംബശ്രീ ആപ്പ് ‘പോക്കറ്റ് മാർട്ട് '



  കൊല്ലം കുടുംബശ്രീയുടെ ഓൺലൈൻ ആപ്പായ ‘പോക്കറ്റ് മാർട്ട്' വഴി വീട്ടുജോലി മുതൽ കെയർടേക്കിങ്ങും പരിചരണവും ഉൾപ്പെടെയുള്ള സേവനങ്ങൾ ഇനിമുതൽ വിരൽത്തുമ്പിലൂടെ വീട്ടുപടിക്കലെത്തും. സ്ത്രീകൾക്ക് തൊഴിലവസരവും ജനങ്ങൾക്ക് സേവനവും ഒരുക്കുന്ന കുടുംബശ്രീയുടെ ക്വിക്ക് സെർവ് പദ്ധതി ജില്ലയിൽ ആദ്യം നടപ്പാക്കുന്നത്‌ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ ആണ്‌. വൈകാതെ കൊല്ലം കോർപറേഷൻ, പുനലൂർ, പരവൂർ, കൊട്ടാരക്കര മുനിസിപ്പാലിറ്റികളിലും സേവനതൽപ്പരരെ കണ്ടെത്തി പദ്ധതി നടപ്പാക്കും. ആവശ്യമനുസരിച്ച് ജോലികൾചെയ്യാൻ തയ്യാറുള്ള 25 കുടുംബശ്രീ വനിതകൾക്ക്‌ കരുനാഗപ്പള്ളിയിൽ മൂന്നുദിവസത്തെ പരിശീലനം നൽകി. പരിശീലനം പൂർത്തിയാക്കിയവർക്കുള്ള യൂണിഫോമും തിരിച്ചറിയൽ കാർഡും ഉടൻ വിതരണം ചെയ്യുമെന്നും നവംബർ ഒന്നുമുതൽ പദ്ധതി നടപ്പാക്കുമെന്നും മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു. പോക്കറ്റ് മാർട്ടിലെ ക്വിക്ക് സെർവ് സോഫ്ട്‌വെയറിലേക്ക് സേവനങ്ങളും മറ്റും വിവരങ്ങളും ചേർത്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളും  പുരോഗമിക്കുന്നു. ഇത് പൂർത്തിയാകുന്നതോടെ ആവശ്യമുള്ള സേവനം, സ്ഥലം, സമയം എന്നിവ തെരഞ്ഞെടുക്കാനും നിരക്ക് അറിയാനും ആപ്പിലൂടെ സാധിക്കും. മുനിസിപ്പൽ സെക്രട്ടറി, സിഡിഎസ് പ്രതിനിധികൾ, കുടുംബശ്രീ ജില്ലാ മിഷൻ കോ–- ഓർഡിനേറ്ററുടെ പ്രതിനിധി എന്നിവരടങ്ങുന്ന കമ്മിറ്റിക്കാണ് പദ്ധതിയുടെ മേൽനോട്ടച്ചുമതല. കുടുംബശ്രീ എൻയുഎൽഎം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള നടപടികൾ ജില്ലാ കുടുംബശ്രീ മിഷനും പൂർത്തിയാക്കി.  Read on deshabhimani.com

Related News