സിപിഐ എം കാസർകോട് ഏരിയാസമ്മേളനം സമാപിച്ചു ജനറൽ ആശുപത്രി പുതിയ കെട്ടിടം ഉടൻ തുറക്കണം
കാസർകോട് കാസർകോട് ജനറൽ ആശുപത്രിക്കായി പണിത പുതിയ കെട്ടിടം ഉടൻ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് സിപിഐ എം കാസർകോട് ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. ആവശ്യത്തിന് സൗകര്യമില്ലാത്തതിനാൽ ആശുപത്രിയിലെത്തുന്നവർ ഏറെ പ്രയാസപ്പെടുകയാണ്. സ്‌പെഷ്യലിസ്‌റ്റ് ഡോക്ടർമാരുടെ കുറവ് മികച്ച ചികിത്സ ലഭിക്കുന്നതിന് തടസ്സമാകുന്നു. മികച്ച ചികിത്സക്കായി കൂടുതൽ പണം ചെലവാക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കാൻ സ്‌പെഷ്യലിസ്‌റ്റ് ഡോക്ടർമാർ അനിവാര്യമാണ്. 24 മണിക്കൂറും ഒപി പ്രവർത്തിപ്പിക്കുകയും സ്‌റ്റാഫ് പാറ്റേൺ പുതുക്കി ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുകയും വേണം–- പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജില്ലയിൽ കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുക, മധുവാഹിനി പുഴയ്‌ക്ക് കുറുകെ കന്നിക്കുണ്ട് –- കളരി ഭാഗത്ത് പാലം തടയണ നിർമിക്കുക, ചെർക്കള മുതൽ ചട്ടഞ്ചാൽ വരെ സർവീസ് റോഡ് നിർമിക്കുക, കെഎസ്‌ഇബി ചെർക്കള ഇലക്ട്രിക്കൽ സെക്‌ഷൻ വിഭജിക്കുക, ചെങ്കള മുട്ടത്തോടി വില്ലേജ് ഓഫീസ് വിഭജിക്കുക, ചെർക്കളയിലെ വഴിയിട വിശ്രമകേന്ദ്രം ഉടൻ തുറന്നുകൊടുക്കുക, ചേരൂർ–- വയലാംകുഴിയിൽ പുഴയ്‌ക്ക് കുറുകെ മേൽപ്പാലം നിർമിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ചൊവ്വ രാത്രി സമാപിച്ച പൊതുചർച്ചയ്ക്ക് സംസ്ഥാനകമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎയും ഏരിയാസെക്രട്ടറി കെ എ മുഹമ്മദ് ഹനീഫയും മറുപടി പറഞ്ഞു. എ രവീന്ദ്രൻ പ്രമേയം അവതരിപ്പിച്ചു. പി ശിവപ്രസാദ് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ വി വി രമേശൻ, എം സുമതി, കെ ആർ ജയാനന്ദ, ജില്ലാകമ്മിറ്റി അംഗം കെ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതിക്കുവേണ്ടി അനിൽ ചെന്നിക്കരയും പ്രസീഡിയത്തിനുവേണ്ടി പ്രവീൺ പാടിയും നന്ദി പറഞ്ഞു. വൈകിട്ട് നുള്ളിപ്പാടി കേന്ദ്രീകരിച്ച് ചുവപ്പ് വളണ്ടിയർ മാർച്ചും പൊതുപ്രകടനവും നടന്നു. അണങ്കൂർ സീതാറാം യച്ചൂരി നഗറിൽ സമാപന പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ടി എം എ കരീം അധ്യക്ഷനായി. ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ വി വി രമേശൻ, എം സുമതി, കെ എ മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു. മുൻകാല ഏരിയാസെക്രട്ടറിമാരെ ആദരിച്ചു. അനിൽ ചെന്നിക്കര സ്വാഗതം പറഞ്ഞു. തുടർന്ന് മൈലാഞ്ചി വിന്നർ നവാസും സംഘവും ഗാനമേള അവതരിപ്പിച്ചു. ടി എം എ കരീം സെക്രട്ടറി കാസർകോട് സിപിഐ എം കാസർകോട് ഏരിയാ സെക്രട്ടറിയായി ടി എം എ കരീമിനെ തെരഞ്ഞെടുത്തു. 17 അംഗ ഏരിയാകമ്മിറ്റിയെയും 17 ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. എം കെ രവീന്ദ്രൻ, സി വി കൃഷ്‌ണൻ, എ രവീന്ദ്രൻ, കെ ഭുജംഗഷെട്ടി, കെ രവീന്ദ്രൻ, കെ ജയകുമാരി, പി ശിവപ്രസാദ്, സി ശാന്തകുമാരി, എം ലളിത, സുഭാഷ് പാടി, എ ആർ ധന്യവാദ്, അനിൽ ചെന്നിക്കര, എസ് സുനിൽ, മുഹമ്മദ് റഫീഖ് കുന്നിൽ, എം ഗിരീശൻ, കെ വേണുഗോപാലൻ എന്നിവരാണ് ഏരിയാകമ്മിറ്റി അംഗങ്ങൾ. 17 അംഗ ജില്ലാസമ്മേളന പ്രതിനിധികളെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. Read on deshabhimani.com