നിർമാണം അന്തിമഘട്ടത്തിൽ ജില്ലയിൽ 2 മ്യൂസിയംകൂടി

നിർമാണം നടക്കുന്ന പെരളശേരി എ കെ ജി മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിക്കുന്നു


 കണ്ണൂർ ചരിത്രങ്ങളുടെ ചരിതമാകാൻ ജില്ലയിൽ രണ്ടു മ്യൂസിയങ്ങൾകൂടി ഒരുങ്ങുന്നു.  പെരളശേരിയിലെ എ കെ ജി മ്യൂസിയം,  ചെമ്പന്തൊട്ടിയിലെ ബിഷപ്‌ വള്ളോപ്പിള്ളി സ്‌മാരക കുടിയേറ്റ മ്യൂസിയം എന്നിവയാണ് അന്തിമഘട്ട നിർമാണത്തിലുള്ളത്. ചരിത്ര വിദ്യാർഥികൾക്ക്‌ ഏറെ ഉപകാരപ്പെടുന്ന നിലയിലാണ്‌  സജ്ജീകരണം. ഇവയുടെ പ്രവൃത്തി പൂർത്തിയാകുന്നതോടെ  ജില്ലയിലെ  മ്യൂസിയങ്ങളുടെ എണ്ണം ഏഴാകും.  ഗാന്ധി സ്‌മൃതി മ്യൂസിയം ഗാന്ധിജി കേരളത്തിൽ എത്തിയതിന്റെ നാൾവഴികളും പയ്യന്നൂരിലെ ഉപ്പു സത്യഗ്രഹത്തെക്കുറിച്ചുള്ള സചിത്ര വിവരണങ്ങളുമാണ് പയ്യന്നൂരിലെ ഗാന്ധി മ്യൂസിയത്തിലുള്ളത്. 1910ൽ ഇന്തോ യൂറോപ്യൻ മാതൃകയിൽ നിർമിച്ച പയ്യന്നൂർ പഴയ പൊലീസ് സ്റ്റേഷനാണ്‌ ഗാന്ധി മ്യൂസിയമാക്കി  മാറ്റിയത്‌.  2.44 കോടി രൂപയാണ് നിർമാണച്ചെലവ്.  സർക്കാരിന്റെ മ്യൂസിയം നോഡൽ ഏജൻസിയായ കേരളം ചരിത്ര പൈതൃക മ്യൂസിയത്തിന്റെ നേതൃത്വത്തിലാണ്  സജ്ജീകരിച്ചത്.   എ കെ ജി മ്യൂസിയം  പാവങ്ങളുടെ പടത്തലവനായ എ കെ ജിയുടെ ധീരസമരചരിത്രം പറയുന്ന മ്യൂസിയത്തിന്റെ കെട്ടിടനിർമാണം പെരളശേരിയിൽ പൂർത്തിയാകുകയാണ്‌. പ്രദർശന സംവിധാനം ഒരുക്കൽ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. 5.44 കോടി  രൂപ വകയിരുത്തിയ മ്യൂസിയം മാർച്ചിൽ  തുറന്നുകൊടുക്കും. അഞ്ചരക്കണ്ടിപ്പുഴയോരത്ത്  3.30 ഏക്കറിൽ തയ്യാറാകുന്ന മ്യൂസിയത്തിന് 11,000 ചതുരശ്ര അടി വിസ്തൃതിയുണ്ട്. കെട്ടിട നിർമാണംനടത്തിയത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയാണ്.   കൈത്തറി മ്യൂസിയം കണ്ണൂരിന്റെ കൈത്തറി പാരമ്പര്യം വെളിപ്പെടുത്തുന്നതാണ് പയ്യാമ്പലത്തെ കൈത്തറി മ്യൂസിയം. വസ്ത്രധാരണ പൈതൃകം, വസ്ത്ര നിർമാണ പൈതൃകം എന്നിവയിലൂടെ മനുഷ്യസംസ്കൃതിയുടെ വളർച്ചയുടെ ഘട്ടങ്ങൾ ചിത്രംസഹിതം വിവരിക്കുന്നു. കട്ടനെയ്ത്ത്, വലനെയ്ത്ത്, ഓലമെടയൽ തുടങ്ങിയ ആദ്യകാല കരവിരുതുകളിൽനിന്ന് എങ്ങനെയാണ് തുണിനെയ്ത്ത് പരിണമിച്ചു ഉണ്ടായതെന്ന് അറിയാം.  ഇൻഡോ–- യൂറോപ്യൻ വാസ്‌തു മാതൃകയിൽ നിർമിച്ച ഹാൻവീവിന്റെ പൈതൃക കെട്ടിടം സംരക്ഷിച്ചാണ്‌ മ്യൂസിയം നിർമിച്ചത്.   തെയ്യം മ്യൂസിയം തെയ്യത്തിനെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ മ്യൂസിയമാണ്‌ കടന്നപ്പള്ളി–-പാണപ്പുഴ പഞ്ചായത്തിലെ ചന്തപ്പുരയിൽ  നിർമിക്കുന്നത്‌. ഒരേക്കറോളം സ്ഥലം ഇതിനായി ഏറ്റെടുത്തുകഴിഞ്ഞു. തെയ്യം അനുഷ്ഠാന കലയെ സംരക്ഷിക്കാനും ഭാവി തലമുറക്ക് പരിചയപ്പെടുത്താനുമുള്ള വിവര വിജ്ഞാന ഗവേഷണ  കേന്ദ്രമാക്കാൻ ഉദ്ദേശിക്കുന്ന മ്യൂസിയം ‘കാവി’ന്റെ മാതൃകയിലാണ്‌ വിഭാവനംചെയ്യുന്നത്‌.   ബിഷപ്‌ വള്ളോപ്പിള്ളി സ്‌മാരക 
കുടിയേറ്റ മ്യൂസിയം മലബാറിന്റെ കുടിയേറ്റ കർഷകരുടെ ജീവിതം പുതുതലമുറയ്‌ക്ക്‌ പരിചയപ്പെടുത്തുന്നതിനായി നിർമിച്ച ബിഷപ്‌ വള്ളോപ്പിള്ളി സ്‌മാരക കുടിയേറ്റ മ്യൂസിയം ഡിസംബറിൽ പൊതുജനങ്ങൾക്കായി തുറന്നുനൽകും. അന്നത്തെ തലമുറയുടെ അതിജീവനവും രാഷ്‌ട്രീയ–-സാമൂഹിക നായകരുടെ സംഭാവനകളും ബിഷപ്‌ വളേളാപ്പിള്ളിയുടെ പ്രവർത്തനങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. മൂന്നുകോടിയോളം രൂപ ചെലവഴിച്ചാണ്‌ പ്രവൃത്തി പൂർത്തീകരിക്കുന്നത്‌.  പ്രാദേശിക ചരിത്രമ്യൂസിയം രാജ്യത്തെ ആദ്യത്തെ പഞ്ചായത്ത്തല പ്രാദേശിക ചരിത്ര മ്യൂസിയമാണ്‌  കണ്ടോന്താറിലുളളത്‌. മലബാറിന്റെ ചരിത്രത്തിൽ കണ്ടോന്താർ ട്രാൻസിറ്റ് ജയിലിന്റെ പ്രാധാന്യം ഏറെയാണ്.  സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെ കാലത്താണ് കണ്ടോന്താർ ജയിൽ ശ്രദ്ധാകേന്ദ്രമാകുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി നടന്ന സമരങ്ങളിലും കർഷക പ്രക്ഷോഭങ്ങളിലും പങ്കെടുത്തവരെ ഈ ജയിലിൽ അടച്ചതായാണ് ചരിത്രം. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് കണ്ടോന്താർ ജയിൽ താൽക്കാലിക സെല്ലായി ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്നു. 107 വർഷം പഴക്കമുള്ളതും  ജീർണാവസ്ഥയിലുമായ  ജയിൽ കെട്ടിടം ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികൾ പൂർത്തിയാക്കിയാണ്‌ മ്യൂസിയമാക്കിയത്‌. 66.34 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് സർക്കാർ ഈ മ്യൂസിയത്തിൽ  സജ്ജീകരിച്ചത്. സ്വാതന്ത്ര്യ സമരങ്ങളും കർഷക പ്രക്ഷോഭങ്ങളും അടക്കമുള്ള പോരാട്ടങ്ങളും നാടിന്റെ കാർഷിക സംസ്‌കൃതിയും തെയ്യവും പൂരക്കളിയും മറുത്തുകളിയും അടക്കമുള്ള അനുഷ്ഠാനങ്ങളും ഉൾച്ചേർത്ത് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്.    പുരാരേഖാ മ്യൂസിയം പുരാരേഖകൾ ചരിത്രത്തിന്റെ ഭാഗമായി എങ്ങനെ മാറുന്നുവെന്ന്‌ വിദ്യാർഥികൾക്ക്‌ മനസിലാക്കാനായി സയൻസ്‌പാർക്കിൽ പുരാരേഖാ മ്യൂസിയം ഒരുക്കിയത്‌. പുരാരേഖകളുടെ പ്രധാന്യവും അവ എങ്ങനെ സംരക്ഷിക്കുന്നുവെന്നും ഇവിടെ പരിചയപ്പെടുത്തും.    Read on deshabhimani.com

Related News