ആഹാ ഉല്ലാസം
ചെറുവത്തൂർ ക്രിസ്‌മസ് അവധിക്കാലം ആഘോഷമാക്കാൻ വിവിധ പ്രദേശങ്ങളിൽ പ്രദർശനങ്ങളും ഫെസ്‌റ്റുകളും കാർണിവലും തുടങ്ങി. തദ്ദേശ സ്ഥാപനങ്ങളും ക്ലബുകളും സ്വകാര്യ സംരംഭകരും സംഘടിപ്പിക്കുന്ന മേളകൾ വിനോദ വ്യവസായത്തിലൂടെ വിപണിയെയും ടൂറിസത്തെയും ചലിപ്പിക്കാനും കാരണമാകുന്നു. കാണാനും കേൾക്കാനും മാത്രമല്ല അനുഭവിച്ചറിയാനുമുള്ള മേളകളായി ഫെസ്‌റ്റുകൾ ഒരുങ്ങി. കളി പാർക്കുകൾ, ഫുഡ് കോർട്ടുകൾ, ഉല്ലാസത്തിനും വിനോദത്തിനുമുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം ഫെസ്‌റ്റുകളിലുണ്ട്. ചെറുവത്തൂർ മർച്ചന്റസ് അസോസിയേഷൻ ചെറുവത്തൂരിൽ ഒരുക്കിയ ചെറുവത്തൂർ ഫെസ്‌റ്റും കണ്ണങ്കൈ നാടകവേദി, വനിതാവേദി എന്നിവ ചെറുവത്തൂർ കുഴിഞ്ഞടിയിൽ നടത്തുന്ന ഫെസ്‌റ്റിനും തുടക്കമായി. പകൽ മൂന്നോടെ പ്രവേശനം തുടങ്ങും. ഏഴോടെ കലാപരിപാടി ആരംഭിക്കും. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം ഫാം കാർണിവൽ ജനുവരി ഒന്നുമുതൽ 20 വരെയാണ്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ബ്ലോക്ക് ഫെസ്‌റ്റ് 2025 ഫെബ്രുവരി 25 മുതൽ കാലിക്കടവിലും നടക്കും. തുറക്കും തിരുമുമ്പ് ഭവനവും പാടുന്ന പടവാൾ ടി എസ് തിരുമുമ്പിന്റെ സ്‌മരണക്കായി പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന് സമീപം ഒരുക്കിയ തിരുമുമ്പ് ഭവനവും സന്ദർശകരെ കാത്തിരിക്കുന്നു. ജനുവരി 16ന് തിരുമുമ്പ് ഭവനം സന്ദർകർക്കായി തുറക്കും. രണ്ട് കോടി ചെലവിലാണ് മന്ദിരം പുതുക്കിപ്പണിതത്. ഓഡിറ്റോറിയം, എക്‌സിബിഷൻ ഹാൾ, കൃഷി മോഡൽ കലവറ, യന്ത്രക്കലവറ എന്നിവ ഇവിടെയുണ്ട്. പാർക്ക്, ഏറുമാടം, ആശ്രമം, ഫാം ഫാർക്ക്, വളർത്തു പക്ഷികളുടെ പാർക്ക്, ശിൽപ ശൃംഖലകൾ, മുള പാർക്ക്, ശലഭോദ്യാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. തൊട്ടടുത്തുള്ള പാടത്തിൽ പച്ചപ്പണിഞ്ഞ് നിൽക്കുന്ന വ്യത്യസ്ഥയിനം കൃഷികളും ഫാമും കാണാം. ബേക്കൽ ബീച്ച് ഫെസ്‌റ്റ് തുടങ്ങി പുതുവർഷപ്പുലരി വരെ നീളുന്ന ബേക്കൽ ബീച്ച് ഫെസ്‌റ്റ് പള്ളിക്കര തീരത്ത് തുടങ്ങി. ബേക്കൽ ടൂറിസത്തിനുകൂടി ഊർജമാകുന്ന ബീച്ച് കാർണിവലിൽ ഇത്തവണയും നിരവധി പരിപാടികളുണ്ട്. 50 രൂപയാണ് ടിക്കറ്റ് നിരക്ക്. 30,000 ചതുരശ്ര അടിയിൽ നടക്കുന്ന മേളയിൽ ഭക്ഷ്യമേള, വിനോദ ഉപകരണങ്ങൾ, കലാപരിപാടി എന്നിവയുണ്ട്. കുടുംബശ്രീ സംരംഭമായ യാത്രാശ്രീയാണ് പ്രധാന ടിക്കറ്റ് വിതരണക്കാർ. ആഗ്രോ കാർണിവൽ നാളെമുതൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന കാർഷിക ഉൽപന്ന ഉപകരണ പ്രദർശന വിപണന മേളയായ ആഗ്രോ കാർണിവൽ ഞായർ മുതൽ 31 വരെ ബേക്കൽ പള്ളിക്കര പെട്രോൾ പമ്പിനടുത്ത് നടത്തും. തിങ്കൾ വൈകിട്ട് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനംചെയ്യും. ദിവസവും കലാപരിപാടികളുമുണ്ട്. മുള്ളേരിയ ട്രേഡ് ഫെസ്‌റ്റ് ഇന്ന് തുടങ്ങും കാസർകോട് സംരംഭകരുടെ കൂട്ടായ്‌മയായ മുള്ളേരിയ ബിസിനസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരാഴ്‌ച നീളുന്ന ട്രേഡ് ഫെസ്റ്റിവൽ മുള്ളേരിയ ടൗണിൽ ശനിയാഴ്‌ച ആരംഭിക്കും. 27 വരെ ഫെസ്‌റ്റുണ്ടാകും. വൈകിട്ട് നാലുമുതൽ രാത്രി 10 വരെ സാംസ്‌കാരിക സമ്മേളനം, സ്‌റ്റേജ് ഷോ, ഭക്ഷണമേള, വിൽപന മേള, കാർഷിക യന്ത്രമേള, വിനോദ പാർക്കുകൾ എന്നിവയുണ്ടാകും. വാർത്താസമ്മേളനത്തിൽ കെ അഗ്നേഷ്, ബി വിജയൻ, ഹരീഷ്, ഗണേഷ് വത്സ, രംഗനാഥ് ഷേണായി എന്നിവർ പങ്കെടുത്തു. കാറഡുക്ക ബ്ലോക്ക് കാർഷികമേള ജനുവരിയിൽ ബോവിക്കാനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ കാർഷിക പ്രദർശന വിപണനമേള ജനുവരി നാലുമുതൽ 12 വരെ നടക്കും. പൊവ്വൽ ബ്ലോക്ക് പഞ്ചായത്ത് ഗ്രൗണ്ടിൽ കാർഷിക ഉത്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനവും വിപണനവും നടക്കും. ആരോഗ്യം, വനം, അഗ്നിസേന, വ്യവസായം, തൊഴിലുറപ്പ് പദ്ധതി, ഡയറി, മൃഗ സംരക്ഷണം എന്നീ വകുപ്പുകളുടെ സ്റ്റാളുകൾ, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകൾ, സാംസ്‌കാരിക സമ്മേളനങ്ങൾ, വിവിധ തരം ഫുഡ് കോർട്ടുകൾ, വിനോദ പരിപാടികൾ എന്നിവയുമുണ്ട്. Read on deshabhimani.com