കെഎസ്ഇബിക്ക് 19 ലക്ഷം നഷ്‌ടം

വീടിന് മുകളിൽ മരം വീണതിനെ തുടർന്ന് കണ്ടിയൂർ കിഴക്കടത്ത് വടക്കതിൽ രാജന്റെ ഓട്ടോ തകർന്ന നിലയിൽ. വീട് ഭാഗികമായി തകർന്നു


മാവേലിക്കര ബുധൻ പുലർച്ചെയുണ്ടായ കനത്ത കാറ്റിൽ നിരവധി വീടുകൾക്ക്‌ മുകളിൽ മരം വീണു. തെക്കേക്കര പല്ലാരിമംഗലം കോട്ടക്കട്ടേത്ത് തറയിൽ ഗോമതിയുടെ വീടിന്‌ മുകളിൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു.  ഗോമതിയുടെ തലയ്‌ക്ക് പരിക്കേറ്റു. കണ്ടിയൂർ കിഴക്കടത്ത് വടക്കതിൽ രാജന്റെ വീടിന് മുകളിൽ വലിയ മരംവീണ്  ഭാഗികമായി തകർന്നു. വീടിന് മുന്നിലുണ്ടായിരുന്ന ഓട്ടോയും തകർന്നു.    ഭരണിക്കാവ്  തെക്കേമങ്കുഴി സോപാനം വീട്ടിൽ പ്രദീപിന്റെ വീടിന്റെ മുകളിലേക്ക് അടുത്ത വീട്ടിലെ കൂറ്റൻ തേക്കുമരം കടപുഴകി വീണു. വീട് ഭാഗികമായി തകർന്നു.  മരംവീണ്‌ പോസ്‌റ്റ്‌ ഒടിഞ്ഞ് ചെട്ടികുളങ്ങര കണ്ണമംഗലം ആശാന്റയ്യത്ത് വീടിന് മുകളിലേക്ക് മറിഞ്ഞു. കണ്ണമംഗലം വടക്ക് കോളശേരി ഭാഗത്ത് മരം ഒടിഞ്ഞ് വൈദ്യുതി കമ്പികളിലേക്ക് വീണു. ഈരേഴ വടക്ക് ഉണ്ണിച്ചേത്ത് ജങ്ഷനിൽ പോസ്‌റ്റ്‌ ഒടിഞ്ഞ് റോഡിൽ വീണു. വൈദ്യുതി തൂൺ ഒടിഞ്ഞു, കമ്പി പൊട്ടി കെഎസ്ഇബിയുടെ ആറ്‌ സെക്ഷനിലായി 19 ലക്ഷത്തോളം രൂപയുടെ നഷ്‌ടമുണ്ടായി. മരങ്ങൾ വീണാണ് നാശമേറെയും. മാവേലിക്കരയിൽ എട്ട്‌ പോസ്‌റ്റ്‌ ഒടിഞ്ഞു. എട്ട് പോസ്‌റ്റ്‌ ചരിഞ്ഞു. 19 ഇടങ്ങളിൽ കമ്പി പൊട്ടി. രണ്ടു ലക്ഷത്തിന്റെ നഷ്‌ടം. കറ്റാനത്ത് എട്ട്‌ പോസ്‌റ്റ്‌ ഒടിഞ്ഞു. 15 പോസ്‌റ്റ്‌ ചരിഞ്ഞു. 15 ഇടങ്ങളിൽ കമ്പി പൊട്ടി. ഒരു ട്രാൻസ്‌ഫോർമർ ചരിഞ്ഞു. രണ്ടു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു    കൊല്ലകടവിൽ അറുന്നൂറ്റിമംഗലം വെട്ടിയാർ മേഖലകളിൽ മൂന്ന്‌ എച്ച്ടി പോസ്‌റ്റും 10 എൽടി പോസ്‌റ്റും ഒടിഞ്ഞു. 13 സ്ഥലത്ത്‌ കമ്പി പൊട്ടി. ഒരുലക്ഷം നഷ്ടം. തട്ടാരമ്പലമ്പത്തിൽ 11 പോസ്‌റ്റ്‌ ഒടിഞ്ഞിട്ടുണ്ട്. 15 ഇടത്ത്‌ കമ്പി പൊട്ടി. 21 ഇടങ്ങളിൽ മരംവീണ്‌. പോസ്‌റ്റ്‌ ഒടിഞ്ഞ സ്ഥലങ്ങളൊഴികെ എല്ലായിടത്തും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. കണ്ണമംഗലം, പേള, കരിപ്പുഴ തെക്ക് മേഖലകളിലാണ് ഏറെ നാശം. ഒരു ലക്ഷത്തിലേറെ നഷ്‌ടം.  ചാരുംമൂട് സെക്ഷനിൽ എച്ച്ടി എൽടി പോസ്‌റ്റുകൾ ആറെണ്ണം വീതം ഒടിഞ്ഞു. 21 ഇടങ്ങളിൽ കമ്പി പൊട്ടി. 30 സ്ഥലത്ത് മരം വീണു. ട്രാൻസ്‌ഫോർമർ ചരിഞ്ഞു. എട്ടുലക്ഷം രൂപയുടെ നഷ്ടം. നൂറനാട് സെക്ഷനിൽ പുലിമേൽ കോടമ്പറമ്പ് പണയിൽ പ്രദേശങ്ങളിൽ വ്യാപകമായി പോസ്‌റ്റുകൾ ഒടിഞ്ഞു, കമ്പികൾ പൊട്ടി. വൈദ്യുതി ബന്ധം പുസഃസ്ഥാപിക്കുന്നു. അഞ്ചുലക്ഷത്തോളം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. Read on deshabhimani.com

Related News