മാലിന്യം അകറ്റി ബാവലിപ്പുഴയുടെ നീരുറവയും ഒഴുക്കും വീണ്ടെടുക്കാൻ ‘ജലാഞ്ജലി’.

ബാവലിപ്പുഴ


പേരാവൂർ  മാലിന്യം അകറ്റി  ബാവലിപ്പുഴയുടെ നീരുറവയും  ഒഴുക്കും വീണ്ടെടുക്കാൻ ‘ജലാഞ്ജലി’.  ഒന്നര ലക്ഷത്തിലധികം കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സായ ബാവലിപ്പുഴയും പ്രധാന കൈവഴിയായ കാഞ്ഞിരപ്പുഴയും നൂറിലധികം വരുന്ന ചെറു കൈത്തോടുകളും സംരക്ഷിക്കുകയാണ്‌ ലക്ഷ്യം. വയനാട്ടിലെയും പശ്ചിമഘട്ട മലനിരകളിലെയും ജലധാരയായ ബാവലിയെ സംരക്ഷിക്കാൻ ഹരിതകേരളം മിഷന്റെയും തൊഴിലുറപ്പ് പദ്ധതിയുടെയും സഹായത്തോടെ  പേരാവൂർ ബ്ലോക്ക് പഞ്ചായത്താണ്‌  "ജലാഞ്ജലി’ പദ്ധതി  നടപ്പാക്കുന്നത്‌. 2020 ൽ ഡിവൈഎഫ്ഐ  നേതൃത്വത്തിൽ ഹരിതകേരളം മിഷന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ  ബാവലിപ്പുഴയും കാഞ്ഞിരപ്പുഴയും  കൈത്തോടുകളും ശുചീകരിച്ചിരുന്നു. ഒറ്റദിവസത്തിൽ 3500 പേർ പങ്കാളികളായി. 18 ലോഡ് മാലിന്യമാണ് അന്ന് ക്ലീൻകേരള കമ്പനിക്ക് കൈമാറിയത്‌. ഇതിനുശേഷമാണ്  പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്  ബാവലിപ്പുഴ സംരക്ഷണം ഏറ്റെടുത്തത്. ജലാഞ്ജലി പദ്ധതിയുടെ തുടർ പ്രവർത്തനമായി മാലിന്യം പുഴയിലേക്ക് എത്താതിരിക്കാൻ തോടരികിലെ  പാതയോരങ്ങളിൽ 35 ലക്ഷം രൂപ ചെലവിൽ ശുചിത്വ വേലികൾ സ്ഥാപിച്ചു. ബ്ലോക്ക് പരിധിയിലെ നൂറ് വാർഡുകളിലും പാതയും തോടും ചേരുന്നയിടങ്ങളിൽ സ്ഥാപിക്കാൻ കുപ്പി ബൂത്തുകൾ നിർമിക്കാൻ 7.5 ലക്ഷം രൂപ വകയിരുത്തി.   തൊഴിലുറപ്പ് മിഷന്റെ നീരുറവ് പദ്ധതിയുമായി സംയോജിപ്പിച്ച്  പുഴ,  ജലസംരക്ഷണത്തിന്‌  വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്‌. കൈത്തോടുകൾക്ക് കയർ ഭൂവസ്ത്രം, കല്ല് കയ്യാലകൾ, ചെളി കോരിമാറ്റൽ, പാർശ്വഭിത്തി കെട്ടൽ, കുളങ്ങളുടെ പുനരുദ്ധാരണം,  കിണർ നിർമാണം,  റീചാർജിങ്‌ തുടങ്ങി 38.53 കോടി രൂപയുടെ പ്രവൃത്തി കഴിഞ്ഞ രണ്ടുവർഷം നടത്തി. പുഴയുടെ വൃഷ്ടിപ്രദേശത്ത് വേനൽക്കാലത്ത് പൊതു ആവശ്യങ്ങൾക്കും കൃഷിക്കുമായി  താൽക്കാലിക കല്ല് തടയണകളും ജൈവ  ബ്രഷ് വുഡ് തടയണകളും നിർമിച്ചു.  5400 തടയണയാണ് ഈ വർഷം നിർമിച്ചത്.  ഹരിതകേരളം മിഷൻ നേതൃത്വത്തിൽ കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്പ്മെന്റ് ആൻഡ് മാനേജ്മെന്റ് (സിഡബ്ല്യൂആർഡിഎം) ബ്ലോക്കിലെ ജലബജറ്റ് തയ്യാറാക്കിയിട്ടുണ്ട്‌.  പശ്ചിമഘട്ടത്തിലെ ജല സ്രോതസ്സുകളെ അടയാളപെടുത്തുന്ന"മാപ്പത്തോൺ ’ പദ്ധതിയിൽ മുഴുവൻ ജലസ്രോതസുകളും കഴിഞ്ഞ വർഷം ഡിജിറ്റലൈസ് ചെയ്‌തിരുന്നു. Read on deshabhimani.com

Related News