അരിപ്പ ഭൂസമരം ഒത്തുതീർപ്പിലേക്ക്
കൊല്ലം അരിപ്പ ഭൂസമരം ഒത്തുതീർപ്പിലേക്ക്. റവന്യു മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ സമരസമിതി പ്രവർത്തകരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. 13വർഷമായി സമരം ചെയ്ത കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിന് അരിപ്പയിൽ പുനലൂർ ആർഡിഒ സുരേഷ്‌ബാബുവിന്റെ നേതൃത്വത്തിൽ സർവേ തുടങ്ങി. വിവിധ ജില്ലകളിൽനിന്ന് എത്തിയവര്‍ ഉൾപ്പെടെ 511പേരുടെ ലിസ്റ്റാണ് നേരത്തെ എടുത്തിരുന്നത്. ഇപ്പോൾ അത് 275കുടുംബമായി ചുരുങ്ങി. ഇതനുസരിച്ചാകും ഭൂമി അനുവദിക്കുക. തിങ്കൾകരിക്കകം കുത്തകപ്പാട്ടം ലംഘിച്ച് കൈവശംവച്ചവരിൽ നിന്ന് തിരിച്ചെടുത്ത 94ഏക്കർ ഭൂമിയിലാണ് ഭൂസമരം നടക്കുന്നത്. ഇതിൽ കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്‌കൂളിനായി 13.5ഏക്കറും ചെങ്ങറ ഭൂസമരക്കാരായ 23 കുടുംബങ്ങൾക്ക് 23ഏക്കറും കൈമാറിയിട്ടുണ്ട്. ജില്ലയിൽ സ്വന്തമായി ഭൂമിയില്ലാത്ത 47ആദിവാസി കുടുംബമാണുള്ളത്. ഇവർക്ക് ഒരേക്കറിന്റെ അവകാശം നിലനിർത്തി ആദ്യഘട്ടം 25 സെന്റ് വീതം നൽകാനാണ് ആലോചന. ഭാവിയിൽ ഭൂമി ലഭിക്കുന്നതിനനുസരിച്ച് ശേഷിച്ച വിഹിതം നൽകാമെന്നാണ് കണക്കുകൂട്ടൽ. ശേഷിച്ച ഭൂമി പട്ടികജാതി, മറ്റ് പിന്നോക്കജാതി വിഭാഗം എന്നിവർക്കും ലഭിക്കും. സർവേയുടെ ഭാഗമായി കുടുംബാംഗങ്ങളുടെ വിവരം, റേഷൻകാർഡ് വിവരം, താമസക്കാർക്ക് മറ്റെവിടെങ്കിലും ഭൂമിയുണ്ടോ, ചെങ്ങറ സമരത്തിന്റെ ഭാഗമായി ഭൂമി കിട്ടിയവരാണോ എന്നതടക്കമുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. മൂന്നാഴ്‌ചക്കകം റിപ്പോർട്ട് സർക്കാരിനു നൽകും. തഹസിൽദാർ, ആർഡിഒ, പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങിയ സമിതി ചർച്ച നടത്തി ഗുണഭോക്താക്കളെ തെരഞ്ഞെടുത്താകും തുടർനടപടിയെന്ന് പി എസ് സുപാൽ എംഎൽഎ പറഞ്ഞു. Read on deshabhimani.com