വളർത്തുമൃഗവൈവിധ്യങ്ങളുമായി ലൈവ്സ്റ്റോക്ക് കോൺക്ലേവ്
വൈത്തിരി വിവിധയിനം വളർത്തുമൃഗങ്ങളെ പരിചയപ്പെടാൻ അവസരമൊരുക്കി ലൈവ്സ്റ്റോക്ക് കോൺക്ലേവ്. ലക്ഷങ്ങൾ വിലമതിക്കുന്ന മുറ പോത്ത്, കാൽലക്ഷം രൂപയുള്ള നിറം മാറുന്ന തേൾ, അരലക്ഷത്തോളം വിലയുള്ള ചിലന്തി, രണ്ടരലക്ഷം രൂപയുടെ കുഞ്ഞൻ പെരുമ്പാമ്പ്, ലോകത്തിലെ വലുപ്പം കുറഞ്ഞ മൈക്രോ അണ്ണാൻ എന്നിങ്ങനെ കാണാൻ ഏറെയുണ്ട് പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയില്‍ തുടങ്ങിയ അന്താരാഷ്ട്ര ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവിൽ. കന്നുകാലി, മൃഗസംരക്ഷണ മേഖലകളുടെ സമഗ്രവികസനവും ക്ഷീരകര്‍ഷകരുടെ ഉന്നമനവും ലക്ഷ്യമിട്ടാണ് കോണ്‍ക്ലേവ് നടത്തുന്നത്. വളര്‍ത്തുമൃഗങ്ങള്‍, കന്നുകാലികള്‍, ഡയറി ഫാമിങ്, അക്വഫാമിങ്, പോള്‍ട്രി, അഗ്രിക്കൾചര്‍ മേഖലയിലെ സ്റ്റാളുകള്‍, പക്ഷി-മൃഗാദികളുടെ പ്രദര്‍ശനം, മൃഗ സംരക്ഷണ വകുപ്പിനുകീഴിലെ വിവിധ ഏജന്‍സികളുടെയും സര്‍ക്കാര്‍ ഇതര സ്ഥാപങ്ങളുടെയും പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവയാണ് സജ്ജമാക്കിയിരിക്കുന്നത്. പശുക്കളിലെ വിവിധയിനങ്ങളായ വെച്ചൂർ, ഓഗോർ, ഏറ്റവും ഭാരം കൂടിയ ഇന്ത്യൻ കന്നുകാലി ഇനത്തിൽപ്പെട്ട കാൻക്രജ്, ഗിർ, ഒട്ടകപ്പക്ഷി, എമു, വിവിധയിനം ആടുകൾ എന്നിവയെല്ലാം പ്രദർശനത്തിനുണ്ട്. ഹെഡ്ജോഗ്, ഇഗ്വാന, ബംഗാൾ പൂച്ച, ഷുഗർ ഗ്ലൈഡർ, വിവിധയിനം എലികൾ, കോഴികൾ, നായകൾ, പൂച്ചകൾ എന്നീ വളർത്തുമൃഗങ്ങളും കൗതുകക്കാഴ്ചയാണ്. ആദ്യദിനം തന്നെ ജില്ലക്കകത്തും പുറത്തുനിന്നും നിരവധി പേർ കോൺക്ലേവിൽ പങ്കെടുക്കാനും സന്ദർശിക്കാനുമെത്തി. കന്നുകാലി, ക്ഷീര, കാര്‍ഷിക മേഖലയിലെ സാധ്യതകളടക്കം വിഷയമാക്കിയുള്ള സെമിനാറുകൾ നടക്കും. രാവിലെ 10 മുതല്‍ വൈകിട്ട് ഏഴുവരെയാണ് പ്രവേശനം. Read on deshabhimani.com