കോഴിപ്പോര് കൈയോടെ പിടികൂടി പൊലീസ്



മുള്ളേരിയ  ബെള്ളൂർ ബസ്തി, പൊസളിഗെ മേഖലയിൽ കോഴിപ്പോര് വ്യാപകമായതിനെ തുടർന്ന്  ആദൂർ പോലീസ് മിന്നൽ പരിശോധന നടത്തി.  പൊസളിഗെയിൽനിന്ന്‌ നാല് കോഴികളെയും 1920 രൂപയും പിടിച്ചെടുത്തു.  ബെള്ളൂർ, ദേലംപാടി, കാറഡുക്ക പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ കോഴിപ്പോര് നടക്കുന്നതായി വിവരമുണ്ട്. ആയിരം മുതൽ പതിനായിരം രൂപ വരെ  വില വരുന്ന കോഴികളാണ്‌ അങ്കത്തിനുണ്ടാവുക.  കോഴികളുടെ വിജയത്തേക്കാൾ  പോര് ഭൂമിയിൽ പന്തയ തുകയുടെ ഇടപാടാണ് അധികവും ഉണ്ടാവുക. പൊലീസ് വരവ് അറിഞ്ഞതോടെ പോരിനെത്തിയ സംഘം ചിതറിയോടി. കിട്ടിയ തുകയും നാല് കോഴികളെയും ഒരു പ്രതിയെയും കൊണ്ട് പൊലീസ് മടങ്ങി.  രാധാകൃഷ്ണൻ, അജിത്ത് കുമാർ, സന്തോഷ് കുമാർ, മുദ്ദ എന്നിവർക്കെതിരെയാണ് കേസെടുത്തത്. കേസ്സെടുത്ത്‌  പ്രതിക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ചു.  കാസർകോട്  കോടതിയിൽ കോഴികളെ ഹാജരാക്കി നടപടി പൂർത്തിയാക്കിയ ശേഷം  ലേലത്തിൽ വിറ്റു.  1450, 2150,1600,1600 രൂപയ്ക്കായിരുന്നു ലേലം വിളിയും വില്പനയും. Read on deshabhimani.com

Related News