ഐക്യരാഷ്ട്രസഭ പരിസ്ഥിതി ശിൽപശാലയിൽ പി ബേബി
കാസർകോട് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ബാങ്കോക്കിൽ ആരംഭിച്ച പരിസ്ഥിതി ശില്പശാലയിൽ കാസർകോട് ജില്ലയുടെ പരിസ്ഥിതി സംബന്ധിച്ച വിഷയങ്ങൾ അവതരിപ്പിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി. മരുഭൂവൽകരണം ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ കൺവൻഷൻ ടു കോംബാറ്റ് ഡെസേർട്ടിഫിക്കേഷനും ആവാസ വ്യവസ്ഥ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് ജി 20 രാജ്യങ്ങൾ തുടക്കമിട്ട ജി 20 ഗ്ലോബൽ ലാൻഡ് ഇനീഷ്യേറ്റീവ് പരിപാടിയും സംയുക്തമായാണ് തായ്‌ലൻഡിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നേതൃത്വത്തിൽ ബാങ്കോക്കിൽ പരിസ്ഥിതി ശിൽപശാല സംഘടിപ്പിക്കുന്നത്. അഞ്ച് ദിവസം നീളുന്ന ശില്പശാലയിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി പങ്കെടുക്കുന്നത്. ജില്ലയ്ക്ക് ഔദ്യോഗിക വൃക്ഷവും പൂവും പക്ഷിയും മൃഗവും പ്രഖ്യാപിച്ച് അവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന പദ്ധതി ആവിഷ്കരിച്ച രാജ്യത്തെ ആദ്യ ജില്ലയാണ് കാസർകോട്. ദുരന്ത നിവാരണ വകുപ്പുമായി സഹകരിച്ച് സ്കൂളുകളിൽ നടത്തിയ സുരക്ഷ ഓഡിറ്റ്, കാർഷിക - മഴവെള്ള സംരക്ഷണ പദ്ധതികൾ, ജലബജറ്റ്, സോളാർ പദ്ധതിയിലെ നേട്ടങ്ങൾ എന്നിങ്ങനെയുള്ള ജില്ലാ പഞ്ചായത്തിന്റെ ഇടപെടലും കണക്കിലെടുത്താണ് ശിൽപശാലയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. ഏറ്റവും കൂടുതൽ നദികൾ ഉണ്ടായിട്ടും രൂക്ഷമായ ജല ദൗർലഭ്യം, നീർത്തടങ്ങളുടെയും പള്ളങ്ങളുടെയും സാന്നിധ്യവും സംരക്ഷണവും, ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിച്ച് ജില്ലയ്ക്കായി പ്രത്യേക പദ്ധതികൾ തേടാൻ ശിൽപശാല ഉപയോഗപ്പെടുത്തുമെന്ന് പി ബേബി പറഞ്ഞു. Read on deshabhimani.com