പുനലൂർ ബൈപാസ് യാഥാർഥ്യത്തിലേക്ക്
പുനലൂർ പുനലൂർ ബൈപാസിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിധിൻ ഗഡ്കരിക്ക് നിർദിഷ്ട പുനലൂർ ബൈപാസ് പ്രൊപ്പോസൽ കൈമാറി. പി എസ് സുപാൽ എംഎൽഎ, പി സന്തോഷ് കുമാർ എംപി എന്നിവരാണ് നിതിൻ ഗഡ്‌കരിയെ കണ്ടത്. ദേശീയപാതയിലെ അപകടങ്ങളും മരണങ്ങളും ഒഴിവാക്കുന്നതിനും പുതിയ ഗ്രീൻഫീൽഡ് പാത കമീഷൻ ചെയ്യുന്നതോടുകൂടി ലക്ഷക്കണക്കിന് ശബരിമല തീർഥാടകർക്ക് അപകട രഹിതമായി ടൗണിലെ തിരക്കിൽ നിന്നൊഴിഞ്ഞ് യാത്ര ചെയ്യാനും കൊല്ലം –- -ചെങ്കോട്ട ദേശീയപാതയ്ക്ക് സമാന്തരമായി തയ്യാറാക്കിയ ബൈപാസ് പ്രൊപ്പോസൽ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്കുശേഷം തത്വത്തിൽ അംഗീകരിച്ചു. എൻഎച്ച്എഐ ജനറൽ മാനേജർ രജനീഷ് കപൂർ, എൻഎച്ച്എഐ കേരള പ്രോജക്ട് ഡയറക്ടർ വിപിൻ മധു എന്നിവരെ തുടർനടപടികൾക്കായി ചുമതലപ്പെടുത്തിയിരുന്നു. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പി എസ് സുപാൽ എംഎൽഎ സന്ദർശിച്ച് പഠന റിപ്പോർട്ടും ജിപിഎസ് സർവേ നടത്തി ഗൂഗിൾ എർത്തിൽ തയാറാക്കിയ പ്രാഥമിക അലൈൻമെന്റ്, കോണ്ടൂർ ആൻഡ് ടോപ്പോ സർവേ റിപ്പോർട്ട് ഉൾപ്പെടെ കൈമാറിയിരുന്നു. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു പഠനം. നിലവിൽ ഫോറസ്റ്റ് പ്രദേശങ്ങളെയും റെയിൽവേ ക്രോസിങ്ങുകൾ, ഓവർ ബ്രിഡ്ജ് എന്നിവയും പരമാവധി നിർമിതികളെയും ഒഴിവാക്കിയുള്ള മൂന്നുസമാന്തര അലൈൻമെന്റ്, ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറാക്കി സമർപ്പിക്കുന്നതിന് എം എസ് ചൈതന്യ കൺസൾട്ടൻസിക്ക് നിർദേശം നൽകി. 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന നിർദിഷ്‌ട ബൈപാസിന് നിലവിൽ 12 കിലോമീറ്ററാണ് ദൂരപരിധി. അന്തിമ അലൈൻമെന്റ് ആകുന്നതനുസരിച്ച് ദൂരപരിധിയിൽ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രമന്ത്രിസഭയുടെ അന്തിമ അംഗീകാരം ഒരു മാസത്തിനുള്ളിൽ ലഭ്യമാകും. എംഎൽഎ തയ്യാറാക്കി നൽകിയ ഡിപിആർ അംഗീകരിച്ചു. കലക്ടറുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ഉടൻ വിളിക്കും. 500 കോടി രൂപയുടെ ബൈപാസ് നിർമാണത്തിനാണ് പ്രാഥമിക അംഗീകാരമായത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി അന്തിമ അലൈൻമെന്റ് ആകുന്നതനുസരിച്ച് ആരംഭിക്കും. Read on deshabhimani.com