നാടൻപാട്ടും നാട്ടറിവും പകർന്ന്
കൊല്ലം സാമൂഹ്യവ്യവസ്ഥയെയും സംസ്‌കാരത്തെയും പ്രതിനിധാനം ചെയ്യുന്നതാണ് നാടൻപാട്ടുകളും നാടൻകലകളും. ഇത്തരം പാട്ടുകളും നാട്ടറിവുകളും പ്രചരിപ്പിക്കുക, തലമുറകൾക്ക് കൈമാറുക എന്ന ലക്ഷ്യത്തോടുകൂടി ഒരു കൂട്ടം കലാകാരന്മാർ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ‘നാട്ടുകലാകാരക്കൂട്ടം’ എന്നാണ് കൂട്ടായ്‌മയുടെ പേര്. നീതി നിഷേധത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് നാട്ടുകലാകാരക്കൂട്ടം രൂപംകൊണ്ടത്. തമിഴ് നാടൻപാട്ട് കലാകാരനായ കോവനെ അകാരണമായി ജയിലിൽ അടച്ചതിനെത്തുടർന്ന് ദക്ഷിണേന്ത്യയിൽ വ്യാപിച്ച പ്രതിഷേധ സമരങ്ങളുടെ ഫലമായിട്ടാണ് പിറവി. കഴിഞ്ഞ പ്രളയകാലത്ത് ‘പുസ്തകവണ്ടി’ എന്ന പേരിൽ കുട്ടികൾക്ക് പുസ്തകങ്ങൾ ശേഖരിച്ച് നൽകി. എറണാകുളത്ത് ഗരുഡായനം എന്നപേരിൽ നടത്തിയ ഗരുഡൻ പറക്കലിനും വയനാട്ടിൽ ആയിരത്തിലധികം ആൾക്കാരെ അണിനിരത്തി ‘അറബുട്ടാൾ' തുടികൊട്ടലിനും തൃശൂരിൽ ‘തൈവകാള’ കാളകളിയിലും നാട്ടുകലകാരക്കൂട്ടം ലോക റെക്കോഡ് നേടി. പാക്കനാർ തുള്ളൽ, പൊറാട്ടുനാടകം, കരിങ്കാളിയാട്ടം, മലവാരിയാട്ടം, ഭൂതൻതിറ എന്നിങ്ങനെയുള്ള കലാരൂപങ്ങൾ പുതിയ തലമുറയ്‌ക്ക് പരിചയപ്പെടുത്തുമുണ്ട്. എല്ലാ ജില്ലകളിലും ക്ലാസുകളും പരിശീലനക്കളരികളും സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാന സർക്കാരും കേരള ഫോക്‌ലോർ അക്കാദമിയും പൂർണമായ പിന്തുണയാണ് നൽകുന്നത്. ലോക ഫോക്‌ലോർ ദിനമായ വ്യാഴാഴ്‌ച തഴവ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുമായി ചേർന്ന് നാട്ടുകലാകാരക്കൂട്ടം ജില്ലാ കമ്മിറ്റി ‘പച്ചോലത്തഴ’ എന്ന പേരിൽ നാട്ടറിവ് ദിനാചരണം നടത്തി. ഓല മെടയൽ, പായയും തടുക്കുകളും നിർമിക്കൽ തുടങ്ങിയ കൈവേലകളും നാടൻപാട്ടും കുട്ടികളെ പഠിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷണ്മുഖൻ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ വിജയലക്ഷ്മി അധ്യക്ഷയായി. പ്രധാനാധ്യാപിക ടി ബിന്ദു സ്വാഗതം പറഞ്ഞു. നാട്ടുകലാകാരക്കൂട്ടം ജില്ലാപ്രസിഡന്റ് സന്തോഷ് മണപ്പള്ളി, സെക്രട്ടറി അഭിലാഷ് ആദി, ചലച്ചിത്ര പിന്നണി ഗായകൻ മത്തായി സുനിൽ, നാസർ, പി ടി സുനിൽ, സജീവ്, ശോഭ, കെ ബാബു, സജീനബീവി എന്നിവർ സംസാരിച്ചു. രമണി, ലേഖ എന്നിവർ തഴനെയ്‌ത്തിൽ പരിശീലനം നൽകി. Read on deshabhimani.com