കാഴ്‌ചയുടെ വിരുന്നൊരുക്കി ശലഭോദ്യാനം

കോളംകുളത്തെ ഹരി ക്ലാസിക്കിന്റെ സ്റ്റുഡിയോയ്ക്ക് മുന്നിലെ പൂന്തോട്ടത്തിലെ കരിനീലക്കടുവ പൂമ്പാറ്റകൾ


നീലേശ്വരം ബിരിക്കുളം കോളംകുളത്തെ സ്റ്റുഡിയോയ്ക്ക് മുന്നിലെ ശലഭോദ്യാനം അതുവഴിയെത്തുന്നവർക്കെല്ലാം കുളിർമയേകുന്ന കാഴ്ച. ക്ലാസിക് സ്റ്റുഡിയോ ഉടമ ഹരിയാണ്‌ തന്റെ സ്ഥാപനത്തിന്‌ മുന്നിൽ പൂന്തോട്ടമൊരുക്കി പൂമ്പാറ്റകളെ ആകർഷിക്കുന്നത്‌. പൂമ്പാറ്റച്ചെടി അഥവാ കിലുക്കാംപെട്ടി ചെടി എന്നറിയപ്പെടുന്ന  ചെടികൾ സാധാരണ ആഗസ്ത്, സെപ്റ്റംബറിലാണ് പൂവിടുക. മറ്റ് ചെടികളെക്കാളും ഇവ പൂമ്പാറ്റകളെ കൂടുതൽ ആകർഷിക്കും. കരിനീലക്കടുവ (ഡാർക്ക് ബ്ലൂ ടൈഗർ) ഇനത്തിലുള്ള പൂമ്പാറ്റകളാണ് കിലുക്കാംപെട്ടി ചെടി തേടി കൂടുതൽ എത്തുക. ദേശാടനത്തിന് പേരുകേട്ട പൂമ്പാറ്റയാണ് കരിനീലക്കടുവ. ആയിരക്കണക്കിന്‌ ശലഭങ്ങൾ കൂട്ടമായാണ്  പറന്നുപോകുക.  കടുംനീലയും മഞ്ഞയും നിറത്തിലുള്ള നൂറുകണക്കിന് പൂമ്പാറ്റകളാണ് സ്റ്റുഡിയോ മുറ്റത്ത് പാറിക്കളിക്കുന്നത്. റോഡരികിൽ വാഹനങ്ങൾ നിർത്തുമ്പോൾ പൂമ്പാറ്റകൾ കൂട്ടത്തോടെ പറന്നുയരുന്നത്  മനോഹര കാഴ്ച. നീളം കൂടിയ ചെടികളിൽ പൂക്കൾ ധാരാളം വിടരുന്നുണ്ടെങ്കിലും ഇലകളിലെ നീരാണ് പൂമ്പാറ്റകളുടെ പ്രധാന ഭക്ഷണം. ചെടിയുടെ ഇലകളിലും തണ്ടുകളിലും അടങ്ങിയ പൈറോളിസിഡിൻ ആൽക്കലോയ്‌ഡ് ഇന ത്തിൽപെട്ട മോണോകോട്ടാലിൻ എന്ന പദാർത്ഥം ആൺ പൂമ്പാറ്റകളിൽ ഫിറോമോൺ ഉൽപാദിപ്പാക്കാൻ ആവശ്യമായ ഘടകമാണ്. ചെടിയുടെ ഇലകൾക്കടിയിൽ മുട്ടയിട്ട് കുഞ്ഞുങ്ങൾ വിരിയും. ഇല ഉണങ്ങിക്കഴിയുമ്പോൾ കൂട്ടത്തോടെ മറ്റൊരിടം തേടി യാത്രയാവും. സ്‌റ്റുഡിയോക്ക്‌ മുന്നിലെ പൂന്തോട്ടം കാണാനും ചെടികളുടെ വിത്തുകൾ ശേഖരിക്കാനും നിരവധി പേർ എത്തുന്നു.  Read on deshabhimani.com

Related News