വൃത്തിയിൽ കണ്ണൂർ സ്റ്റേഷൻ നമ്പർ 1

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ മാലിന്യം വേർതിരിക്കുന്ന തൊഴിലാളികൾ


കണ്ണൂർ ശുചിത്വ പരിപാലനത്തിൽ പാലക്കാട്‌ ഡിവിഷനിൽ ഒന്നാമതായി കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ. 2023–-24 കണക്ക്‌ പ്രകാരം കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ 72.11 ലക്ഷം ജനങ്ങളാണ്‌ യാത്ര ചെയ്‌തത്‌.  121.62 കോടി രൂപ വരുമാനം നേടിയ സ്‌റ്റേഷൻ നോൺ സബ്‌ അർബൻ ഗ്രൂപ്പിൽ രണ്ടാം ഗ്രേഡിലേക്ക്‌ ഉയർന്നു.      വരുമാനത്തിൽ കേരളത്തിൽ ആറാമതും യാത്രക്കാരിൽ അഞ്ചാമതുമാണ് കണ്ണൂർ  സ്റ്റേഷൻ. 121 ട്രെയിനുകൾ  ഇതുവഴി കടന്നുപോകുന്നു. നിലവിൽ 10 ട്രെയിനുകൾ കണ്ണൂരിൽനിന്നും പുറപ്പെടുന്നു.  24 മണിക്കൂറും പ്രവർത്തിക്കുന്ന ശുചിത്വത്തൊഴിലാളികളെ ഉപയോഗിച്ചാണ്‌ കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ വൃത്തിയായി സൂക്ഷിക്കുന്നത്‌. മൂന്ന്‌ ഷിഫ്‌റ്റുകളിലായി 23പേർ ജോലിചെയ്യുന്നു. ഇവരാണ്‌ സ്‌റ്റേഷൻ വൃത്തിയായി സൂക്ഷിക്കുന്നത്‌. പെയ്‌ഡ്‌ എസി വിശ്രമകേന്ദ്രം, അപ്പർ ക്ലാസ്‌, സ്‌ത്രീകൾ എന്നിവർക്കുള്ള വെയ്‌റ്റിങ്‌ റൂമുകൾ എന്നിവിടങ്ങളിലെ ടോയ്‌ലറ്റുകൾ ഉൾപ്പെടെ മണിക്കൂറുകളുടെ ഇടവേളകളിൽ വൃത്തിയാക്കുന്നു.  സ്‌റ്റേഷനിലെ മാലിന്യങ്ങൾക്ക്‌ പുറമെ കടന്നുപോകുന്ന ദീർഘദൂര ട്രെയിനുകളിലെ മാലിന്യം ഉൾപ്പെടെ ഇവിടെനിന്നുമാണ്‌ നീക്കുന്നത്‌.  ഇവയൊക്കെ മാലിന്യം വേർതിരിക്കാൻ ഏർപ്പെടുത്തിയ ഷെഡിലേക്ക്‌ മാറ്റി ജൈവ–-അജൈവ മാലിന്യങ്ങൾ വേർതിരിച്ചാണ്‌ ഹരിതകർമസേനയ്‌ക്ക്‌ കൈമാറുന്നത്‌. വന്ദേഭാരത്‌, ചെന്നൈ മെയിൽ, വെസ്റ്റ്‌ കോസ്‌റ്റ്‌  ട്രെയിനുകളിലെ മാലിന്യവും കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽനിന്നാണ്‌ നീക്കംചെയ്യുന്നത്‌. അതത്‌ ദിവസത്തെ മാലിന്യങ്ങൾ അന്നുതന്നെ വേർതിരിച്ച്‌ കൈമാറുമെന്ന്‌ സ്‌റ്റേഷൻ മാനേജർ എസ്‌ സജിത്‌കുമാർ പറഞ്ഞു.  യാത്രക്കാർക്ക്‌ സുഗമമായ യാത്രയൊരുക്കാനുള്ള എല്ലാ സൗകര്യവും സ്‌റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്‌. ഭക്ഷണം, കുടിവെള്ളം, ശുചിത്വം എന്നിവയിലെ പരാതികൾക്ക്‌ ഉടനടി പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News