നിക്ഷേപത്തട്ടിപ്പ്‌ നടത്തി 
ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ



കാഞ്ഞങ്ങാട് കോടികളുടെ തട്ടിപ്പ് നടത്തി  ഉത്തരേന്ത്യയിലേക്ക് മുങ്ങി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. പെരുമ്പള സ്വദേശിയും ഗുരുപുരത്ത്‌ താമസക്കാരനുമായ മേലത്ത് കുഞ്ഞിചന്തുനായരാണ്‌ (60)  പിടിയിലായത്.  ഗുരുപുരത്തെ വീട്ടിലെത്തിയ പ്രതിയെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം ആസ്ഥാനമായ സിക് സെക്ട് ഫൈനാൻസിൽ നിക്ഷേപിച്ച വൻതുക ഇടപാടുകാർക്ക് നൽകാതെ സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു. നീലേശ്വരം ബസ് സ്റ്റാൻഡിനടുത്ത്‌ ഓഫീസ് ആരംഭിച്ചാണ്‌  പണം സ്വീകരിച്ചത്. ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ പലരും നിക്ഷേപമായി നൽകി. 18 ശതമാനം വരെ ഉയർന്ന പലിശ ഉൾപ്പെടെ വാഗ്ദാനം നൽകിയാണ്‌ നിക്ഷേപകരെ ആകർഷിച്ചത്.  2018 ൽ ഒരു നിക്ഷേപകന്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് കുഞ്ഞി ചന്തുനായരെ അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ പരാതിയെത്തിയതോടെ  സ്ഥാപനം പൂട്ടി മുങ്ങി.  ജില്ലക്ക കത്തും പുറത്തുമായി നൂറോളം കേസുണ്ട്. അമ്പലത്തറ സ്‌റ്റേഷനിൽ മാത്രം 60 ഓളം കേസുണ്ട്. ഹോസ്ദുർഗിൽ 12 കേസുണ്ട്‌. എല്ലാ കേസ്സിലും കോടതി വാറണ്ട്‌ പുറപ്പെടുവിച്ചിരുന്നു.  ഉത്തർപ്രദേശിൽ  ഒരു പുരോഹിതന്റെ അനുയായി കഴിയുകയായിരുന്നു  കുഞ്ഞി ചന്തുനായരെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രതിയുടെ സ്വത്ത് കണ്ടെത്താനും പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കാനും നടപടിക്ക്‌ നീക്കം നടക്കുന്നതിനിടെയാണ് നാടകീയമായി തിരിച്ചെത്തിയത്.  ഹോസ്ദുർഗ് കോടതി റിമാൻഡ്‌ ചെയ്‌തു. കേസിൽ കോട്ടയത്തെ വൃന്ദ രാജേഷ് ഒന്നും കുഞ്ഞിചന്തുനായർ രണ്ടും പ്രതിയാണ്. തളിപ്പറമ്പിലെ സുരേഷ് ബാബു മൂന്നാം പ്രതിയാണ്.   Read on deshabhimani.com

Related News