ഏഴോം തയ്‌ച്ചെടുക്കുന്നു, 
ജീവിത സ്വപ്‌നം

ഏഴോം അപ്പാരൽ പാർക്കിൽ ജോലിയിൽ ഏർപ്പെട്ട അംഗങ്ങൾ


ഏഴോം കുട്ടിപ്പൊലീസിന്റെ കുപ്പായംമുതൽ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജ്‌ വിദ്യാർഥികളുടെ യൂണിഫോംവരെ, സംസ്ഥാനമാകെ വിതരണംചെയ്‌ത ലോട്ടറി തൊഴിലാളികളുടെ കോട്ടുമുതൽ ചെറുതാഴം സ്‌കൂളിലെ കുട്ടികൾക്കുള്ള ജെൻഡർ ന്യൂട്രൽ  യൂണിഫോംവരെ ഏഴാേം അപ്പാരൽ പാർക്കിന്റെ കൈയൊപ്പ്‌ പതിഞ്ഞാണ്‌ പുറംലോകം കണ്ടത്‌. തയ്യൽചക്രങ്ങളുടെ താളങ്ങളിൽനിന്ന്‌ ഏഴാേം പഞ്ചായത്തിലെ വിവിധ കുടുംബശ്രീ അംഗങ്ങൾ ജീവിതം തുന്നിയെടുക്കാൻ തുടങ്ങിയിട്ട്‌  പതിമൂന്ന്‌ വർഷമായി.     2011 ഡിസംബർ 12ന്‌ നാൽപ്പത്‌ പേർചേർന്ന്‌ 1600 രൂപ ഗുണഭോക്‌തൃവിഹിതവും 12,80,000 രൂപ ഏഴോം സർവീസ്‌ സഹകരണ ബാങ്കിൽനിന്ന്‌ വായ്‌പയുമെടുത്ത്‌ ആരംഭിച്ച സംരംഭം മൂന്നുവർഷംകൊണ്ട്‌  മുഴുവൻ വായ്‌പയും അടച്ചുതീർത്ത്‌ സ്വന്തമാക്കാനായതിന്റെ  ആഹ്ലാദത്തിലാണ്‌ അംഗങ്ങൾ. നാലുലക്ഷം രൂപ സബ്‌സിഡിയും കിട്ടി.  30പേരാണ്‌ ഇപ്പോഴുള്ളത്‌. കോവിഡ്‌ ഭീഷണിയെ മറികടക്കാനും ഇവരുടെ കൂട്ടായപ്രവർത്തനങ്ങൾക്ക്‌ സാധിച്ചു.  പ്രവർത്തനം പതിമൂന്നാം വർഷത്തിലേക്ക്‌ കടക്കുമ്പോൾ ജില്ലയിലെ ഇരുപത്തിയഞ്ചോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ യൂണിഫോമുകളും കല്യാണ  വസ്ത്രങ്ങളുടെ ഓർഡറുകളും സംസ്ഥാന ജില്ലാ കുടുംബശ്രീ മിഷനുകളുടെ  ഓർഡറുകളും ഏറ്റെടുത്ത്‌ നടത്തുന്ന വലിയ സ്ഥാപനമാക്കി മാറ്റാനായി. 26 സിംഗിൾ നീഡിൽ തയ്യൽ മെഷീനുകൾ ഉൾപ്പെടെ  എല്ലാവിധ യന്ത്രസംവിധാനങ്ങളും സ്വന്തമാക്കി.  കോവിഡ്‌ കാലത്ത്‌ ജില്ലാ മിഷൻ മുഖേന തുടങ്ങിയ ‘നൈറ്റിങേൽ’ ബ്രാൻഡ്‌ നൈറ്റികൾ മുതൽ പുത്തൻ ഡിസൈനിലും ഗുണനിലവാരത്തിലുമുള്ള  വസ്‌ത്രവൈവിധ്യങ്ങൾവരെ  ഇവിടെ തുന്നിയെടുക്കുന്നുണ്ട്‌. സപ്ലൈകോ തുണിസഞ്ചികൾ, ദേശീയ പതാകകൾ തുടങ്ങിയവയും നൽകുന്നു.    സ്വകാര്യ വസ്ത്ര നിർമാണ യൂണിറ്റുകളേക്കാൾ വില കുറവാണെന്നതും സവിശേഷതയാണ്. കുടുംബശ്രീ ഓണച്ചന്തകളിലും സരസ്സ് മേളയിലും ഹിറ്റായ അപ്പാരൽ പാർക്ക്‌ വസ്ത്രങ്ങൾ കുടുംബശ്രീ ഓൺലൈൻ പോർട്ടലായ പോക്കറ്റ് മാർട്ടിലൂടെ വീണ്ടും ഓൺലൈൻ വിപണിയിൽ ലഭ്യമാക്കാനുള്ള ശ്രമത്തിലാണിപ്പോൾ.  ജില്ലാ മിഷന്‌ കീഴിൽ തൊഴിൽ പരിശീലനത്തിനുള്ള ഏജൻസിയായും ഏഴോം അപ്പാരൽസിനെ തെരഞ്ഞെടുത്തിരുന്നു.  നാലുബാച്ചിലായി നൂറോളംപേർക്ക്‌ ഇവർ തുന്നൽ പരിശീലനവും നൽകി. ഏഴോം കാനായിയിൽ പഞ്ചായത്തിന്റെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അപ്പാരൽ പാർക്കിന്റെ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌  ഇ ടി വത്സല സെക്രട്ടറിയും കെ ശോഭന  പ്രസിഡന്റായുമുള്ള സമിതിയാണ്‌.  വസ്ത്രങ്ങൾ ഓർഡർചെയ്യാനും  അന്വേഷണത്തിനും: 9744497548. Read on deshabhimani.com

Related News