കായലേറ്റ വെള്ളപ്പൊക്കം തടയാൻ നടപടിവേണം
സ്വന്തം ലേഖകൻ പൂച്ചാക്കൽ വേലിയേറ്റസമയം വേമ്പനാട് കായലിന്റെയും അനുബന്ധ ജലാശയങ്ങളുടെയും തീരവാസികൾ അനുഭവിക്കുന്ന വെള്ളപ്പൊക്കക്കെടുതി തടയാൻ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ചേർത്തല ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. തീരവാസികളുടെ നിത്യജീവിതത്തിൽ കടുത്തപ്രയാസമാണ് വേലിയേറ്റ വെള്ളപ്പൊക്കം സൃഷ്ടിക്കുന്നത്. കായലിലെ എക്കലും മാലിന്യവും നീക്കംചെയ്‌ത് ആഴവും പരപ്പും വീണ്ടെടുക്കൽ ഉൾപ്പെടെയാണ് അനിവാര്യത. അതിന് സർക്കാർ ലക്ഷ്യമിടുന്ന പദ്ധതി അടിയന്തരമായി നടപ്പാക്കണം. കയർവ്യവസായ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിച്ച് തൊഴിലും കൂലിയും ഉറപ്പാക്കുക, വയലാർ–-പള്ളിപ്പുറം ഇൻഫോപാർക്ക് പാലം നിർമിക്കുക, നെടുമ്പ്രക്കാട്–-വിളക്കുമരം പാലം അടിയന്തരമായി പൂർത്തിയാക്കി ഗതാഗതത്തിന് തുറക്കുക, പെരുമ്പളം പഞ്ചായത്തിലെ പ്രധാനറോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വികസിപ്പിക്കുക, പനങ്ങാട്–-അരൂക്കുറ്റി ബൈപാസ് നിർമിക്കുക, നഗരത്തിലെ ഇരുമ്പുപാലം പുനർനിർമിക്കുക, സെന്റ് മേരീസ് പാലംപണി അടിയന്തരമായി പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. റിപ്പോർട്ടിൻമേലുള്ള ചർച്ചയ്‌ക്ക് ജില്ലാസെക്രട്ടറി ആർ നാസർ, ഏരിയ സെക്രട്ടറി ബി വിനോദ് എന്നിവർ മറുപടിപറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ അഭിവാദ്യംചെയ്‌തു. സി ബി ചന്ദ്രബാബു, കെ പ്രസാദ്, പി പി ചിത്തരഞ്ജൻ, മനു സി പുളിക്കൽ, എ എം ആരിഫ്, എൻ ആർ ബാബുരാജ് എന്നിവർ പങ്കെടുത്തു. 20 അംഗ കമ്മിറ്റിയെയും 30 ജില്ലാസമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. വൈകിട്ട് നൂറുകണക്കിന് ചുവപ്പുസേനാംഗങ്ങൾ അണിനിരന്ന ചുവപ്പുസേനാ മാർച്ചും ആയിരങ്ങൾ പങ്കെടുത്ത ബഹുജനറാലിയും ഓടമ്പള്ളിയിൽ നിന്നാരംഭിച്ചു. വാദ്യമേളങ്ങളും നാടൻകലാരൂപങ്ങളും റാലിയെ പ്രൗഢമാക്കി. സീതാറാം യെച്ചൂരി നഗറിൽ(കമ്യൂണിറ്റിഹാൾ അങ്കണം) ചേർന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ പ്രസാദ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി വിനോദ് സ്വാഗതംപറഞ്ഞു. മത്സരവിജയികൾക്ക് എ എം ആരിഫ് സമ്മാനം വിതരണംചെയ്തു. എൻ ആർ ബാബുരാജ്, പി ഷാജിമോഹൻ, പി എം പ്രമോദ്, പി ജി മുരളീധരൻ, ദലീമ എന്നിവർ സംസാരിച്ചു. പാട്ടോലവും സംഘവും നാടൻപാട്ട് അവതരിപ്പിച്ചു. Read on deshabhimani.com