മുസിരിസ് ജലോത്സവം: പുത്തൻപറമ്പിലും, വടക്കുംപുറവും ജേതാക്കൾ
കൊടുങ്ങല്ലൂർ പെരിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴയിലൂടെ അസ്ത്ര വേഗത്തിൽ കുതിച്ചെത്തി മുസിരിസ് ജലോത്സവത്തിൽ എഗ്രേഡ് വിഭാഗത്തിൽ ടി ബി സി കൊച്ചിൻ ടൗൺ ക്ലബിന്റെ പുത്തൻപറമ്പിൽ വള്ളം വി കെ രാജൻ സ്മാരക ട്രോഫിയിൽ മുത്തമിട്ടു. ബി ഗ്രേഡ് വിഭാഗത്തിൽ പുനർജനി വടക്കുംപുറം ക്ലബ്ബിന്റെ വടക്കുംപുറം വള്ളം ജേതാക്കളായി. പൂത്തൻപറമ്പിൽ വള്ളത്തിന്റെ ക്യാപ്റ്റൻ ജോണി പുത്തേഴത്തിന് വി കെ രാജൻ മെമ്മോറിയൽ ട്രോഫിയും വടക്കുംപുറം വള്ളം തുഴഞ്ഞഫ്രണ്ട്സ് വടക്കും പുറത്തിന് കെ ഡി കുഞ്ഞപ്പൻ മെമോറിയിൽ ട്രോഫിയും കലക്ടർ അർജുൻ പാണ്ഡ്യൻസമ്മാനിച്ചു. എ ഗ്രേഡ് വിഭാഗത്തിൽ ഗോതുരുത്ത് ജലകായിക സമിതിയുടെ ഗോതുരുത്ത് പുത്രൻ രണ്ടാം സ്ഥാനം നേടി. ബി ഗ്രേഡ് വിഭാഗത്തിൽ ടിബിബിസി യുടെ സെന്റ് സെബാസ്റ്റ്യൻ രണ്ടാം സ്ഥാനം നേടി. മുസിരിസ് ബോട്ട് ക്ലബ് സംഘടിപ്പിച്ച മുസിരിസ് ജലോത്സവം ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്തു. വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത, ക്ലബ് ഭാരവാഹികളായ പി പി രഘുനാഥ്, ഒ സി ജോസഫ്, സി വി ഉണ്ണികൃഷ്ണൻ, കെ എസ് വിനോദ്, ടി എസ് സജീവൻ, കെ ജി ശിവാനന്ദൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com