കേക്കും പിന്നെ മുന്തിരിച്ചാറും

ക്രിസ്‌മസിന്‌ മുന്നോടിയായി പൂങ്കുന്നം മാംഗോ ബേക്കറിയിൽ തയ്യാറാക്കിയ കേക്കുകൾ ഒരുക്കിവയ്ക്കുന്നു


തൃശൂർ ബ്ലൂബെറിയും ചെറിയും.. പിന്നെ ഓറഞ്ചും കിവിയും മാമ്പഴവും..  പഴങ്ങളിൽ തീർത്ത ക്രീം കേക്കുകൾക്കൊപ്പം ഡ്രൈ ഫ്രൂട്‌സിൽ അലിഞ്ഞ്‌ ചേർന്ന പ്ലം കേക്കും ഒപ്പം ഇത്തിരി മുന്തിരിച്ചാറും... ക്രിസ്‌മസിന്‌ കേക്കും മധുരം നിറച്ച സമ്മാനപ്പൊതികളുമായി വിപണിയും സജീവമാണ്‌. വിവിധതരം ക്രീം, പ്ലം  കേക്കുകളും  ബിസ്‌ക്കറ്റുകളും മിഠായികളും മുന്തിരികൊണ്ടുള്ള വൈനും ചേർത്ത്‌ പൊതിഞ്ഞ ഹാമ്പറുകളുമാണ്‌ ബേക്കറികളിലെ പ്രധാന താരം. ഇത്തവണ ഡ്രൈഫ്രൂട്സുകൾ കൊണ്ട്‌ സമ്പന്നമായ സെലസ്‌ടിയൽ പ്ലം കേക്ക്‌, കേരള സ്‌പൈസസ്‌ പ്ലം കേക്ക്‌, ഇംഗ്ലീഷ്‌ സ്‌പൈസി കേക്ക്‌ എന്നിവക്കാണ്‌ പ്രിയം. കൂടാതെ  പഴച്ചാറുകൾ കൊണ്ടുണ്ടാക്കിയ ഫ്രഷ്‌ ഫ്രൂട്ട്‌ കേക്കുകൾക്കും ആവശ്യക്കാരേറെയാണ്‌.  450 രൂപ മുതലാണ്‌ ക്രീം കേക്കുകളുടെ വില. 550 രൂപ മുതൽ പ്ലംകേക്കുകളും ലഭിക്കും. 900 രൂപ മുതൽ 4000 രൂപ വരെ വിലയുള്ള ഹാമ്പറുകളും വിപണിയിലുണ്ട്‌. മാഷ്‌മെലോസ്‌, ഹോം മേഡ്‌ ചോക്കലേറ്റുകൾ, മാക്രോൺസ്‌, വിവിധ തരം ബിസ്‌കറ്റുകൾ, ഗ്രേപ്‌ ഡ്രിങ്ക്‌, ബ്രൗണി, പ്ലം കേക്ക്‌ എന്നിവയെല്ലാം ചേർത്ത്‌ പൊതിഞ്ഞാണ്‌ ഹാമ്പർ ലഭിക്കുക.  ക്രഞ്ചി ബട്ടർ സ്‌കോച്ച്‌,  രസ്‌മലൈ, ലോട്ടസ് ബിസ്‌ക്കോഫ്‌, നട്ടി ബൂസ്റ്റ്‌, മാഗോ ഡസേർട്ട്‌, കിവി, ബ്ലൂബെറി, ഓറഞ്ച്‌ എന്നിവയാണ്‌ ക്രീം കേക്കുകളിൽ പ്രധാനമായും വിൽപ്പന നടക്കുന്നത്‌.  ക്രിസ്‌മസിന്റെ പ്രമേയത്തിലൊരുക്കിയ ബിസ്‌ക്കറ്റുകളും കേക്കുകളും ലഭിക്കും. കടകളെ കൂടാതെ വീടുകളിൽ ഉൽപ്പാദിപ്പിക്കുന്ന കേക്കുകൾക്കും ആവശ്യക്കാരുണ്ട്‌. വിപണിയേക്കാൾ കുറഞ്ഞ വിലയിൽ ലഭിക്കുന്നതാണ്‌ പ്രധാന ആകർഷണം.   Read on deshabhimani.com

Related News