ഓസ്ട്രേലിയയിൽ മുഴങ്ങും മലയാളി ശബ്ദം
തൃശൂർ രാജ്യാന്തര ഇംഗ്ലീഷ് പ്രഭാഷണ പ്ലാറ്റ്ഫോമായ ആസ്ത്രേലിയയിലെ റ്റെഡ് എക്സ് ടോക്സിൽ പ്രഭാഷകനായി മലയാളി ശ്യാം മോഹൻ. കേരളത്തിലെ കുടുംബബന്ധങ്ങളുടെ പ്രധാന്യം ലോകത്തോട് അദ്ദേഹം പങ്കുവയ്ക്കും. ഓസ്ട്രേലിയ, യുകെ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽനിന്നായി നൂറ്റിയമ്പതോളം അപേക്ഷകരിൽനിന്ന് എട്ടുപേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ അവസരം ലഭിച്ച ഏക ഇന്ത്യക്കാരനാണ് ശ്യാം. സിനിമാ സംവിധായകൻ, വനിതാ പൈലറ്റ്, കാർഷിക വിദഗ്ധൻ തുടങ്ങിയവർ പ്രഭാഷണപരമ്പരയിൽ ഉൾപ്പെടുന്നു. ‘ഹൃദയമുള്ളിടത്താണ് ഭവനം’ എന്ന വിഷയത്തെ കേന്ദ്രമാക്കി ഗ്രിഫിത്തിലെ മരിയൻ കാത്തലിക് കേളേജിൽ 29ന് നടക്കുന്ന സെമിനാറിൽ ‘ബന്ധങ്ങൾക്ക് ജീവിതത്തിലുള്ള പ്രാധാന്യം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ശ്യാമിന്റെ പ്രഭാഷണം. മുതിർന്ന പൗരൻമാരുടെ സംരക്ഷണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ‘കെയർ-എച്ച്’ സ്ഥാപനത്തിന്റെ ഡയറക്ടർമാരിൽ ഒരാളാണ് ശ്യാം. നഴ്സിങ് മേഖലയിൽ ദീർഘകാലത്തെ പ്രവർത്തനപരിചയമുണ്ട്. തൃശൂർ ചിറ്റിലപ്പിള്ളി കോട്ടേപ്പറമ്പിൽ മോഹനന്റെയും മോഹിനിയുടെയും മകനാണ്. ഭാര്യ പ്രസീത ഓസ്ട്രേലിയയിൽ നഴ്സാണ്. മിലൻ, സാൻവി എന്നിവർ മക്കളാണ്. ‘പ്രചരിപ്പിക്കപ്പെടേണ്ട ആശയങ്ങൾ’ എന്ന മുദ്രാവാക്യത്തോടെ ‘റ്റെഡ് എക്സ്’ വിവിധ രാജ്യങ്ങളിൽ പ്രഭാഷണവേദികൾ ഒരുക്കാറുണ്ട്. അമേരിക്കൻ പ്രസിഡന്റായിരുന്ന ബറാക് ഒബാമയും ബോളിവുഡ് നായകൻ ഷാരുഖാനുമെല്ലാം റ്റെഡ് എക്സിന്റെ വേദികളിൽ പ്രഭാഷകരായി എത്തിയിട്ടുണ്ട്. ബ്രിട്ടീഷ് എഴുത്തുകാരനായ കെൻ റോബിൻസൺ ‘സ്കൂളുകൾ സർഗാത്മകതയുടെ അന്തകരോ’ എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പ്രഭാഷണം 76 ദശലക്ഷം ആളുകളാണ് ഓൺലെനിലൂടെ ശ്രവിച്ചത്. 1984ൽ തുടക്കമിട്ട പ്രഭാഷണപരമ്പര നൂറുകണക്കിന് വേദികൾ പിന്നിട്ടു. Read on deshabhimani.com