കേരള ബ്രാൻഡ്‌ തിളക്കത്തിൽ 
കുട്ടനാടൻ കോക്കനട്ട്‌ ഓയിൽ

മെയ്ഡ് ഇൻ കേരള ബ്രാൻഡ്‌ സർട്ടിഫിക്കറ്റ്‌ മന്ത്രി പി രാജീവിൽനിന്ന്‌ കുഞ്ഞുമോളുടെ മകൻ 
അജു ജേക്കബ്‌ മാത്യു ഏറ്റുവാങ്ങുന്നു


 ആലപ്പുഴ സംസ്ഥാനത്തെ സംരംഭകരെ കൈപിടിച്ചുയർത്താൻ സർക്കാർ നടപ്പാക്കുന്ന മെയ്ഡ് ഇൻ കേരള ബ്രാൻഡിൽ ആലപ്പുഴക്കാരി കുഞ്ഞുമോളുടെ എംആർഎൽ കുട്ടനാടൻ കോക്കനട്ട് ഓയിലും. അന്താരാഷ്‌ട്ര സംരംഭക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി പി രാജീവ് മെയ്ഡ് ഇൻ കേരള ബ്രാൻഡ് സർട്ടിഫിക്കറ്റ് നൽകി. ജില്ലയിൽനിന്ന്‌ മെയ്‌ഡ്‌ ഇൻ കേരള ബ്രാൻഡ്‌ സർട്ടിഫിക്കറ്റ്‌ ലഭിക്കുന്ന ആദ്യ ഉൽപ്പന്നമാണ്‌ എംആർഎൽ കുട്ടനാടൻ കോക്കനട്ട് ഓയിൽ. കേരളത്തിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും ആഗോള നിലവാരത്തിലെത്തിച്ച് രാജ്യാന്തര വിപണിയിൽ വിപണന സാധ്യത വർധിപ്പിച്ച് പൊതുവായ ഒരു ബ്രാൻഡ് സൃഷ്‌ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ വിഭാവനം ചെയ്‌ത പദ്ധതിയാണ് കേരള ബ്രാൻഡ്. ഉത്തരവാദിത്ത വ്യവസായമെന്ന സംസ്ഥാന സർക്കാരിന്റെ നയമനുസരിച്ച് മികച്ച ഗുണനിലവാരം ഉറപ്പാക്കി നിർമിക്കുന്ന ഉൽപ്പന്നങ്ങൾക്കാണ് കേരള ബ്രാൻഡ് നൽകുക. ഗുണനിവലാരം, ഉൽപ്പാദനത്തിലെ മൂല്യങ്ങൾ എന്നിവ പരിഗണിച്ചാണ് കേരള ബ്രാൻഡിങ്‌ സർട്ടിഫിക്കേഷൻ നൽകുന്നത്.  ആലപ്പുഴ മുനിസിപ്പാലിറ്റി പരിധിയിലെ പുന്നമട കേന്ദ്രമാക്കിയാണ് പുന്നമട കളത്തിൽപ്രിക്കാടൻ കുഞ്ഞുമോൾ മാത്യുവിന്റെ (72) ഉടമസ്ഥതയിലുള്ള എംആർഎൽ കുട്ടനാടൻ കോക്കനട്ട് ഓയിൽ യൂണിറ്റ്‌. മക്കളായ അജു ജേക്കബ്‌ മാത്യു, രാജു ചെറിയാൻ മാത്യു, തോമസ്‌ മാത്യു എന്നിവരുടെ മേൽനോട്ടത്തിലാണ്‌ പ്രവർത്തനം. കോവിഡിനുശേഷം മൂന്ന്‌ വർഷം മുമ്പാണ്‌ സംരംഭം ആരംഭിക്കുന്നത്‌. വ്യവസായവകുപ്പിന്റെ ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ പദ്ധതിയിലാണ്‌ യൂണിറ്റ്‌ ആരംഭിക്കുന്നത്‌. പദ്ധതി തയ്യാറാക്കാനും ലൈസൻസുകൾ നേടുന്നതിനുമുള്ള മുഴുവൻ കാര്യങ്ങളിലും വ്യവസായവകുപ്പിന്റെ സഹകരണം ലഭിച്ചു.  വെളിച്ചെണ്ണയുടെ ഗുണനിലവാരത്തിൽ പ്രത്യേക ശ്രദ്ധ നൽകുന്ന മില്ലിൽ ശുദ്ധമായ റോസ്‌റ്റഡ് ഡബിൾ ഫിൽട്ടേർഡ് വെളിച്ചെണ്ണ, ഹെർബൽ ഹെയർ ഓയിൽ എന്നിവ ഉൽപ്പാദിപ്പിക്കുന്നു. മിൽ സന്ദർശിക്കുന്ന ഉപഭോക്താക്കൾക്ക് വെളിച്ചെണ്ണ ഉൽപ്പാദനത്തിന്റെ ആരംഭം മുതൽ പാക്കിങ്‌ വരെയുള്ള എല്ലാ പ്രക്രിയകളും നേരിൽ കണ്ട്‌ മനസിലാക്കാനും ഗുണനിലവാരം ഉറപ്പാക്കാനും സാധിക്കും. പുന്നമടയിലെത്തുന്ന നിരവധി ടൂറിസ്‌റ്റുകളാണ്‌ ദിവസവും ഫാക്‌ടറിയുടെ പ്രവർത്തനങ്ങൾ മനസിലാക്കാൻ എത്തുന്നത്‌. Read on deshabhimani.com

Related News