അഴീക്കോടന്റെ രണസ്മരണയിൽ തൃശൂർ വീണ്ടും ചുവന്നു

അഴീക്കോടൻ രാഘവൻ ദിനാചരണത്തോടനുബന്ധിച്ച് തൃശൂരിൽ നടന്ന പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ  അഴീക്കോടൻ രാഘവന്റെ ചോരവീണ  തൃശൂരിന്റെ  തെരുവീഥികളിൽ വീണ്ടും രണസ്‌മരണ ഉണർന്നു. തേക്കിൻകാട്‌ മൈതാനിയിൽ  ഒത്തുചേർന്ന ആയിരങ്ങൾ രക്തസാക്ഷിക്ക്‌ മരണമില്ലെന്ന്‌ വിളിച്ചോതി. നഗരവീഥികളിലൂടെ ചുവടുവച്ച് നീങ്ങിയ ചെമ്പട,  ഈ  ചുവപ്പൻ പ്രസ്ഥാനത്തെ കള്ളപ്രചാരകർക്ക്‌  തകർക്കാനാവില്ലെന്ന്‌  പ്രഖ്യാപിച്ചു.  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും  ഐക്യമുന്നണി കൺവീനറുമായിരുന്ന   അഴീക്കോടൻ രാഘവന്റെ 52 –--ാ മത് രക്തസാക്ഷിത്വ വാർഷികദിനത്തിൽ നാടാകെ  വീണ്ടും ചുവന്നു. 17 ഏരിയ കമ്മിറ്റികളിൽ നിന്നുള്ള  റെഡ് വളണ്ടിയർ മാർച്ച്  നഗരത്തെ ചുവപ്പണിയിച്ചു.  തൃശൂർ ഏരിയ കമ്മിറ്റിയിലെ പ്രവർത്തകർ  പ്രകടനമായി എത്തി.  മറ്റ് ഏരിയകളിൽ നിന്നുള്ള പ്രവർത്തകരും പൊതുസമ്മേളനത്തിലേക്ക്  ഒഴുകിയെത്തിയതോടെ   ജനസമുദ്രമായി.          സിപിഐ എം  ജില്ലാകമ്മിറ്റി തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം  മുഖ്യമന്ത്രിയും സിപിഐ എം  പൊളിറ്റ് ബ്യൂറോ അംഗവുമായ  
പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു.  റെഡ് വളണ്ടിയർമാരുടെ ഗാർഡ് ഓഫ് ഓണറും സ്വീകരിച്ചു.   ജില്ലാ സെക്രട്ടറി എം എം വർഗീസ് അധ്യക്ഷനായി.  സംസ്ഥാന സെക്രട്ടറിയറ്റംഗം  പി കെ ബിജു സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ സ്വാഗതവും ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ സി മൊയ്തീൻ എംഎൽഎ,  എം കെ കണ്ണൻ, മന്ത്രി ആർ ബിന്ദു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ  കെ വി അബ്ദുൾഖാദർ, യു പി ജോസഫ്, മുരളി പെരുനെല്ലി എംഎൽഎ, കെ കെ രാമചന്ദ്രൻ എംഎൽഎ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, പി കെ ഡേവിസ്, പി കെ  ചന്ദ്രശേഖരൻ,  കെ വി നഫീസ എന്നിവർ പങ്കെടുത്തു.      സിപിഐ എം നേതൃത്വത്തിൽ രാവിലെ  ബ്രാഞ്ച്‌ കേന്ദ്രങ്ങളിലും പാർടി ഓഫീസുകളിലും   പ്രഭാതഭേരി മുഴക്കി പതാക ഉയർത്തി.   ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എം എം വർഗീസ്‌   പതാക ഉയർത്തി.  തുടർന്ന്‌  പ്രകടനമായെത്തി അഴീക്കോടൻ  കുത്തേറ്റ് വീണ ചെട്ടിയങ്ങാടിയിലെ  സ്മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി.  എം എം വർഗീസ്‌ പുഷ്‌പചക്രം അർപ്പിച്ചു.  അനുസ്‌മരണ യോഗവും   ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണൻ അധ്യക്ഷനായി.  എ സി മൊയ്തീൻ എംഎൽഎ,   കെ രവീന്ദ്രൻ, കെ യു സുരേഷ്‌ എന്നിവർ സംസാരിച്ചു. തൃശൂർ ദേശാഭിമാനിയിൽ അഴീക്കോടൻ അനുസ്‌മരണ സമ്മേളനം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം  എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു. Read on deshabhimani.com

Related News