പട്ടികജാതി ഗോത്ര വർഗ കമീഷൻ 96 പരാതി പരിഹരിച്ചു 6 മാസത്തിനകം വീണ്ടും അദാലത്ത്
കാസർകോട് പട്ടികജാതി പട്ടിക ഗോത്ര വർഗ കമീഷൻ നടത്തിയ പരാതി പരിഹാര അദാലത്തിൽ ലഭിച്ച 124 പരാതികളിൽ 96 എണ്ണം പരിഹരിച്ചു. 28 പരാതി അടുത്ത അദാലത്തിലേക്ക് മാറ്റിയെന്ന് ചെയർമാൻ ശേഖരൻ മിനിയോടൻ പറഞ്ഞു. ആറ് മാസത്തിന് ശേഷം വീണ്ടും അദാലത്ത് നടത്തും. അദാലത്ത് വേദിയിൽ 231 പുതിയ പരാതി ലഭിച്ചു. പൊലീസ് 17, റവന്യു 86, തദ്ദേശം 29, മറ്റുള്ളവ 24 എന്നിങ്ങനെയാണവ. ഇവ സമയത്ത് പരിഹരിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകി. പെരിയയിലെ ചെങ്ങറ പുനരധിവാസ കേന്ദ്രത്തിലെ താമസക്കാർ നൽകിയ പരാതിയിൽ കമീഷൻ സ്ഥലം സന്ദർശിക്കും. പട്ടയ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൂടുതലായും കമീഷന് മുന്നിലെത്തിയത്. ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ ഇത്തരം പരാതിക്ക് പരിഹാരമാകുമെന്ന് കലക്ടർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ശേഖരൻ മിനിയോടൻ പറഞ്ഞു. അംഗങ്ങളായ ടി കെ വാസു, അഡ്വ. സേതു നാരായണൻ എന്നിവരും പരാതികേട്ടു. Read on deshabhimani.com