വരൂ, ബേക്കലിലേക്ക് കാർഷികപ്പൊലിമയിൽ കാർണിവൽ കാണാം
ഉദുമ തീരക്കാഴ്‌ചകൾ കണ്ട് കാർഷിക വൈവിധ്യമറിഞ്ഞ് അവധിക്കാല ആഘോഷം പൊലിപ്പിച്ചാലോ. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കരയിൽ ഒരുക്കിയ ബേക്കൽ ആഗ്രോ കാർണിവലിന് തുടക്കമായതോടെ വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും ആഘോഷമായി. ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെയാണ് പള്ളിക്കര പെട്രോൾ പമ്പിന് എതിർവശത്തെ മൈതാനത്തിൽ 31 വരെ കാർണിവൽ ഒരുക്കിയത്. പരമ്പരാഗത ഉൽപന്നങ്ങൾ, അത്യൽപാദനശേഷിയുള്ള വിത്തുകൾ, തൈകൾ തുടങ്ങിയവയുടെ പ്രദർശനവും വിപണനവുമുണ്ടാകും. മലബാറിലെ ഏറ്റവും വലിയ പുഷ്പോത്സവവുമുണ്ട്. 10 ദിവസവും വൈകിട്ട് കലാ സാംസ്‌കാരിക പരിപാടികളുമുണ്ട്. ചൊവ്വ വൈകിട്ട് ആറിന് കുടുംബശ്രീ കലാപരിപാടി, ഏഴിന് ഗാനമേള. കാർണിവൽ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനംചെയ്തു. സി എച്ച് കുഞ്ഞമ്പു എംഎൽഎഅധ്യക്ഷനായി. കലക്ടർ കെ ഇമ്പശേഖർ, മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം കുമാരൻ, പി ലക്ഷ്മി, ടി ശോഭ, എസ് പ്രീത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലത, ജില്ലാ കൃഷി ഓഫീസർ, പി രാഘവേന്ദ്ര, ജില്ലാ വ്യവസായ വാണിജ്യ കേന്ദ്രം അസി. ഡയറക്ടർ കെ നിധിൻ, പടന്നക്കാട് കാർഷിക കോളേജ് ഡീൻ ഡോ. ടി സജിതറാണി , പഞ്ചായത്ത് ജോ. ഡയറക്ടർ സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് കൃഷി അസി. ഡയറക്ടർ കെ ബിന്ദു നന്ദിയും പറഞ്ഞു.കാർഷിക സെമിനാർ കാസർകോട് സിപിസിആർഐ ഡയർക്ടർ കെ ബി ഹെബ്ബാർ ഉദ്ഘാടനം ചെയ്തു. ട്രെയിനുകൾക്ക് താൽക്കാലിക സ്‌റ്റോപ്പ് ഉദുമ ബേക്കൽ കാർണിവലിന്റെ ഭാഗമായി ബേക്കൽ ഫോർട് സ്‌റ്റേഷനിൽ ട്രെയിനുകൾക്ക് താൽക്കാലിക സ്‌റ്റോപ്പനുവദിച്ച് ദക്ഷിണ റെയിൽവേ. 30 വരെ 16159 താംബരം –- മംഗളുരു സെൻട്രൽ എഗ്‌മോർ എക്‌സ്‌പ്രസിന് വൈകിട്ട് 5.32നും 31 വരെ 16650 നാഗർ കോവിൽ ജങ്‌ഷൻ –- മംഗളൂരു സെൻട്രൽ പരശുറാം എക്‌സ്‌പ്രസിന് രാത്രി 7.46നുമാണ് ഒരുമിനിറ്റ് താൽക്കാലിക സ്‌റ്റോപ്പ് അനുവദിച്ചത്. Read on deshabhimani.com