ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 
തട്ടിപ്പ്; പ്രതികൾ പിടിയിൽ



കൊല്ലം ഷെയർ ട്രേഡിങ്ങിലൂടെ വൻതുക ലാഭമുണ്ടാക്കി നൽകാമെന്ന് വാഗ്ദാനംചെയ്ത്‌ സൈബർ തട്ടിപ്പ്‌ നടത്തിയ പ്രതികൾ പിടിയിൽ. തട്ടിപ്പ്‌ സംഘത്തിലെ രണ്ടു പേരെയാണ്‌ കൊല്ലം സിറ്റി സൈബർ പൊലീസ് മലപ്പുറത്തുനിന്ന്‌ അറസ്റ്റ്‌ ചെയ്തത്‌. കഴിഞ്ഞയാഴ്ച രജിസ്റ്റർചെയ്ത രണ്ട് കേസുകളിലായി നടത്തിയ അന്വേഷണത്തിലാണ്‌ മലപ്പുറം പൊന്നാനി ചീയന്നൂർ കൊട്ടിലിങ്ങൽ വീട്ടിൽ ഷംസുദീൻ (33), തിരൂരങ്ങാടി പിലാത്തോട്ടത്തിൽ വീട്ടിൽ ഫസലു റഹ്‌മാൻ (21)എന്നിവരാണ് പിടിയിലായത്‌. വാട്‌സാപ്പ് ഗ്രൂപ്പുകളിൽ അംഗമാക്കിയ ശേഷം പാൻകാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ കൈക്കലാക്കി വ്യാജമായ ലാഭക്കണക്കുകൾ കാണിച്ച് ഇരകളായവരുടെ വിശ്വാസം നേടിയെടുത്ത ശേഷം പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിക്കലായിരുന്നു തട്ടിപ്പുരീതി. നിക്ഷേപിക്കുന്ന പണമുപയോഗിച്ച്‌ ട്രേഡിങ്‌ നടത്തി ചുരുങ്ങിയ കാലയളവിൽ വൻലാഭം നേടിയെടുക്കാമെന്ന വാഗ്ദാനമാണ് തട്ടിപ്പുകാർ നൽകിയിരുന്നത്‌. കൊല്ലം സ്വദേശിയായ നിക്ഷേപകനിൽനിന്നും 1,37,99,000- രൂപയാണ് പ്രതിയായ ഷംസുദീൻ ഉൾപ്പെട്ട സംഘം തട്ടിയെടുത്തത്. സമാനമായ രീതിയിൽ ബ്ലോക്ക് ട്രേഡിങ്‌ നടത്തി ലാഭം നേടിത്തരാമെന്ന് വാഗ്ദാനംചെയ്ത്‌ ഓച്ചിറ സ്വദേശിയിൽനിന്നും 9,48,150 രൂപയാണ് ഫസലു റഹ്‌മാൻ ഉൾപ്പെട്ട സംഘം തട്ടിയെടുത്തത്. ഡിസിആർബി എസിപി എ നസീറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നതിനിടയിൽ പ്രതികളെ കുറിച്ച്‌ വിവരം ലഭിക്കുകയും തുടർന്ന് കൊല്ലം സിറ്റി സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ അബ്ദുൾ മനാഫിന്റെ നേതൃത്വത്തിൽ എസ്ഐമാരായ നന്ദകുമാർ, നിയാസ് സിപിഒമാരായ ജോസ് ജോൺസൺ, ജിജോ, ഹരി കുമാർ, ഹബീബ് എന്നിവരടങ്ങിയ സംഘം പ്രതികളെ പിടികൂടുകയായിരുന്നു. Read on deshabhimani.com

Related News