ഓണം കൈത്തറി 
വിപണനമേള തുടങ്ങി

കണ്ണൂർ പൊലീസ് മൈതാനിയിൽ ആരംഭിച്ച കൈത്തറി ഓണം വിപണന മേള മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്ത് ഉൽപ്പന്നങ്ങൾ കാണുന്നു.


 കണ്ണൂർ ഓണാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന കൈത്തറി വസ്ത്ര, കരകൗശല പ്രദർശന വിപണനമേള പൊലീസ് മൈതാനിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മേയർ മുസ്ലീഹ് മഠത്തിൽ അധ്യക്ഷനായി. കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ,  ജില്ലാവ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എസ്  അജിമോൻ, സുരേഷ് ബാബു എളയാവൂർ, കൊല്ലോൻ മോഹനൻ, താവം ബാലകൃഷ്ണൻ, എം ദാസൻ, ടി ശങ്കരൻ, എസ് കെ സുരേഷ് കുമാർ, ഗിരിവർമ എന്നിവർ സംസാരിച്ചു. കേരളത്തിലെ പ്രമുഖ കൈത്തറി സംഘങ്ങൾ, ഹാന്റക്സ്, ഹാൻവീവ് എന്നിവയ്‌ക്ക് പുറമെ  മറ്റ് സംസ്ഥാനങ്ങളിലെ  കൈത്തറി, കരകൗശല സംഘങ്ങളുടേതടക്കം  63 സ്റ്റാളുകളാണുള്ളത്‌. ആറെണ്ണം കരകൗശല സ്റ്റാളുകളാണ്. മേള സെപ്‌തംബർ 14ന്‌ സമാപിക്കും. നാഷണൽ ഹാൻഡ്‌ലൂം ഡെവലപ്മെന്റ്  പ്രോഗ്രാം സ്കീമിൽ ഉൾപ്പെടുത്തി കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന കൈത്തറി ഡയറക്ടറേറ്റ്, ജില്ലാ വ്യവസായകേന്ദ്രം, ജില്ലാ കൈത്തറി വികസന സമിതി എന്നിവയാണ്‌ സംഘാടകർ.    കൈത്തറി മുണ്ടുകൾ ബെഡ് ഷീറ്റുകൾ, സാരികൾ, പട്ടുസാരികൾ, വിവിധയിനം കൈത്തറി ഉൽപ്പന്നങ്ങൾ, കരകൗശല ഉൽപ്പന്നങ്ങൾ തുടങ്ങിയവ മേളയിൽ  ലഭിക്കും. കേരള കൈത്തറി ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം  റിബേറ്റ് ലഭിക്കും. കേരള കൈത്തറി സംഘങ്ങളുടെ സ്റ്റാളുകളിൽനിന്നും ആയിരം രൂപയുടെ ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് സമ്മാനകൂപ്പൺ നറുക്കെടുപ്പിലൂടെ ദിവസവും മൂന്നുപേർക്ക്‌ ആയിരം രൂപയുടെ  കൈത്തറി ഉൽപ്പന്നങ്ങൾ സമ്മാനം നൽകും. Read on deshabhimani.com

Related News