ആശ്വാസ തീരം



കാസർകോട്‌ കേരളം സമർപ്പിച്ച കരട്‌ തീരദേശ പരിപാലന പദ്ധതി കേന്ദ്രം അംഗീകരിച്ചതോടെ ജില്ലയിലും ആശ്വാസം. അജാനൂർ, ചെങ്കള, മൊഗ്രാൽ പുത്തൂർ, പള്ളിക്കര, പുല്ലൂർ പെരിയ, തൃക്കരിപ്പൂർ, ഉദുമ പഞ്ചായത്തുകളിൽ നിർമാണത്തിനടക്കം നിലനിന്ന നിയന്ത്രണങ്ങളിൽ ഇതോടെ ഇളവ്‌  വരും.നിർമാണ പ്രവർത്തനങ്ങൾക്ക്‌ നിയന്ത്രണമുണ്ടായിരുന്ന സിആർസെഡ്‌ മൂന്ന്‌ വിഭാഗത്തിൽപ്പെട്ട  പഞ്ചായത്തുകളാണ്‌ നിയന്ത്രണം കുറവുള്ള സിആർസെഡ്‌ രണ്ടിലേക്ക്‌ മാറിയത്‌. സ്വകാര്യ ഭൂമിയിലുള്ള കണ്ടൽക്കാടുകളിൽ ബഫർ സോൺ ഇല്ലാതാക്കിയത്‌ തൃക്കരിപ്പൂർ, അജാനൂർ, മൊഗ്രാൽ പുത്തൂർ പഞ്ചായത്തുകൾക്ക്‌ ഏറെ ആശ്വാസമുണ്ടാക്കും.  ഉൾനാടൻ ജലാശയങ്ങളുടെ വേലിയേറ്റ രേഖയിൽനിന്നുള്ള 100 മീറ്റർ ദൂര പരിധി 50 മീറ്ററായി കുറച്ചതും ഈ മേഖലയ്‌ക്ക്‌ ഗുണംചെയ്യും.  സ്വാഗതാർഹം പള്ളിക്കര ടൗണിൽ നിർമാണ പൂർത്തിയായ ഇരുനില കെട്ടിടം നാലുവർഷമായി തീരദേശ പരിപാലന സിആർസെഡ് നിയമത്തിൽ കുടുങ്ങി പെർമിറ്റ് ലഭിക്കാതെ കിടക്കുകയാണ്. നിയമത്തിൽ സർക്കാർ ഇളവ് നൽകാൻ തീരുമാനിച്ചത്‌ ഏറെ സ്വാഗതാർഹമാണ്‌.   എം വി അബ്ദുൽ ഖാദർ 
പള്ളിപ്പുഴ, പള്ളിക്കര പലർക്കും 
ആശ്വാസമാകും തീരദേശ പരിപാലന പദ്ധതിയിൽ ലഭിച്ച ഇളവ് ഏറെ ആശ്വാസം. പത്ത് വർഷം പഴക്കമുള്ള വീട് അടുത്തകാലത്താണ്‌ പുതുക്കിപ്പണിതത്. ബേക്കൽ പുഴയുടെ നൂറുമീറ്റർ പരിധിക്കുള്ളിൽ  വീട് വന്നതിനാൽ പുതുതായി വീട്ടുനമ്പർ അനുവദിച്ചില്ല. സിആർസെഡ് നിയമത്തിൽ ഇളവ് നൽകിയതിനാൽ എന്നെ പോലുള്ള പലർക്കും ഇത്‌ ആശ്വാസമാവും.  ദാമോധരൻ  ചിറമ്മൽ, ബേക്കൽ   നിയമപോരാട്ടത്തിന് വലിയപറമ്പ്‌ ജില്ലയിലെ ഏറ്റവും വലിയ തീരദേശ പഞ്ചായത്തായ വലിയപറമ്പ്‌ നിലവിലെ ഇളവിൽ ഉൾപ്പെടുന്നില്ല. വലിയപറമ്പടക്കമുള്ള പഞ്ചായത്തുകളിലെ തീരദേശ നിയമ പ്രശ്‌നങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ട്‌ സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്‌. മൊത്തം 175 പഞ്ചായത്തുകളുടെ ഇളവിനാണ്‌ സമീപിച്ചതെങ്കിലും 66 എണ്ണത്തിന്‌ മാത്രമാണ്‌ 2019 വരെയുള്ള വിജ്ഞാപന പ്രകാരം ഇളവ്‌ അനുവദിച്ചത്‌.  വലിയപറമ്പടക്കം 109 പഞ്ചായത്തുകൾ ഇപ്പോഴും കടുത്ത നിയന്ത്രണത്തിലാണ്‌. ഇതുമറികടക്കാനുള്ള സമ്മർദ്ദം സംസ്ഥാന സർക്കാർ തുടരുന്നുണ്ട്‌. അതേസമയം, 66 പഞ്ചായത്തിന്‌ മാത്രം ഇളവ്‌ നൽകിയത്‌ വിവേചനമാണെന്ന്‌ കാട്ടി മറ്റുപഞ്ചായത്തുകൾക്ക്‌ നിയമവഴിയും തേടാം.  ഇതിനുള്ള സാധ്യതകൾ മറ്റുപഞ്ചായത്തുകളുമായി സംസാരിച്ച്‌ ആലോചിക്കുമെന്ന്‌ വലിയപറമ്പ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി സജീവൻ പറഞ്ഞു.      Read on deshabhimani.com

Related News