സേവനത്തിളക്കം, 
അംഗീകാരമുദ്ര

ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ
തങ്ങൾ നിർമിച്ച ഡിഷ്‌വാഷുമായി


തലശേരി സേവനത്തിന്റെ  പുതുപാഠങ്ങൾക്ക്‌ അംഗീകാരത്തിളക്കമുണ്ടായതിന്റെ സന്തോഷത്തിലാണ്‌ തലശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും. എച്ച്‌എസ്‌എസ്‌ വിഭാഗം മികച്ച എൻഎസ്‌എസ്‌ യൂണിറ്റിനും  പ്രോഗ്രാം ഓഫീസർക്കുമുള്ള  റീജൺതല പുരസ്കാരമാണ്‌ സ്‌കൂളിനെ തേടിയെത്തിയത്‌. റീജ പി റഷീദാണ്‌ മികച്ച പ്രോഗ്രാം ഓഫീസർ. 3 വർഷത്തെ യൂണിറ്റ്‌ പ്രവർത്തനം വിലയിരുത്തിയാണ്‌ അംഗീകാരം.   തനത്‌ പ്രവർത്തനങ്ങൾക്കൊപ്പം നൂതന ആശയാവിഷ്‌കാരങ്ങളാണ്‌ ബ്രണ്ണൻ സ്‌കൂൾ എൻഎസ്‌എസ്‌ നൽകുന്ന മാതൃക. 2 വർഷമായി അവധിക്കാലങ്ങളിൽ  ഡിഷ്‌വാഷുകൾ നിർമിച്ച്‌ വിൽപ്പന നടത്തുന്നു.  വരുമാനം നിർധനരായ സഹപാഠികൾക്ക്‌  പഠനോപകരണങ്ങൾ നൽകുന്നതിനാണ്‌.  ആഘോഷദിനങ്ങളിൽ നഗരസഭാ പരിധിയിലെ തെരഞ്ഞെടുത്ത കുടുംബങ്ങൾക്ക്‌ കിറ്റുംനൽകുന്നു. യൂണിറ്റിന്റെ സഹപാഠിക്കൊരു വീട്‌ പദ്ധതിയിലേക്കായി അമ്പതിനായിരം രൂപയും  സ്വരൂപിച്ച്‌ നൽകി.  പൈതൃക നഗരമായ തലശേരി മാലിന്യരഹിതമാക്കാൻ വൈവിധ്യങ്ങളായ പദ്ധതികൾ നടപ്പാക്കി. കടൽപ്പാലം, സെന്റ്‌ ജോൺസ്‌ ആംഗ്ലിക്കൻ ചർച്ച്‌ ഭാഗങ്ങൾ ശുചിയാക്കി. സ്വച്ഛതാ ഹി സേവയുമായി ബന്ധപ്പെട്ട്‌ ബോധവൽക്കരണ ക്ലാസുകൾ, മനുഷ്യമതിൽ, ഫ്ലാഷ്‌ മൊബ്‌, ക്ലീനിങ്‌ ഡ്രൈവ്‌, ചുമർചിത്രരചന തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കി. പ്ലാസ്‌റ്റിക്ക്‌ ഉപഭോഗം കുറയ്‌ക്കുന്നതിന്‌ തുണിസഞ്ചികളുണ്ടാക്കി വിതരണം ചെയ്യുകയും ഹരിതകർമ സേനാ പ്രവർത്തകരോടൊപ്പം മാലിന്യശേഖരണത്തിൽ പങ്കാളികളാകുകയും ചെയ്‌തു.  ചെറുധാന്യകൃഷി നടത്തുകയും മികച്ചവിളവുമുണ്ടാക്കി.  സ്‌നേഹാരാമം പദ്ധതിയിൽ തലശേരിയിൽ സ്‌പീക്കറുടെ ഓഫീസിന്‌ മുൻവശം ഒരുക്കിയ സ്‌നേഹാരാമത്തിന്‌ ഉത്തരമേഖലാതല പുരസ്‌കാരവും 2022ലെ സഹചാരി പുരസ്‌കാരവും സ്‌കൂൾ നേടിയിട്ടുണ്ട്‌. Read on deshabhimani.com

Related News