നുണപ്രചാരണം തുറന്നുകാട്ടി ബഹുജനകൂട്ടായ്മ
തിരുവനന്തപുരം വയനാട്ടിലെ പുനരധിവാസം തടയാനും കേന്ദ്രസഹായം മുടക്കാനുമുള്ള മാധ്യമ ഗൂഢാലോചനയ്ക്കെതിരെ കേരളത്തിന്റെ ഉശിരൻ പ്രതിഷേധം. ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ മുണ്ടക്കൈ, ചൂരൽമല, പുഞ്ചരിമട്ടം പ്രദേശങ്ങളുടെ പുനരുജ്ജീവനത്തിനായി സംസ്ഥാന സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി കൈകോർത്ത് മുന്നേറുമ്പോൾ, അതിനു തുരങ്കംവയ്ക്കാൻ ലക്ഷ്യമിട്ട് ഒരു വിഭാഗം മാധ്യമങ്ങൾ നടത്തുന്ന നുണപ്രചാരണത്തെ തുറന്നുകാട്ടി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയിൽ പതിനായിരങ്ങൾ അണിചേർന്നു. സിപിഐ എമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ ഭാഗമാകാൻ കക്ഷി രാഷ്ട്രീയഭേദമില്ലാതെ ജനങ്ങളെത്തി. തലസ്ഥാനത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം നടത്തിയ കൂട്ടായ്മ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ സ്റ്റേഡിയം കോർണറിൽ കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ സ്വാഗതം പറഞ്ഞു. കെഎസ്ആർടിസി ബസ്സ്റ്റാൻഡ് പരിസരം കേന്ദ്രീകരിച്ച് പ്രകടനവുമുണ്ടായി. Read on deshabhimani.com