കടലാഴങ്ങളിൽനിന്ന് ജീവൻകോരിയെടുത്ത നക്ഷത്രം മാഞ്ഞു
കൊല്ലം കടലാഴങ്ങളിൽ നിന്ന് നിരവധി ജീവനുകൾ കോരിയെടുത്ത നീണ്ടകരയുടെ സൂപ്പർ ഹീറോയ്ക്ക് വിട. ജീവൻരക്ഷാ പ്രവർത്തനത്തിനു രണ്ടുതവണ രാഷ്ട്രപതിയുടെ ജീവൻ രക്ഷാപതക് പുരസ്‌കാരം നേടിയ അപൂർവ വ്യക്തിത്വത്തെയാണ് ജോൺ ലോറൻസ് എന്ന കണ്ണപ്പൻ ലോറൻസിന്റെ വിയോഗത്തിലൂടെ നാടിനു നഷ്ടമായത്. 1985ആഗസ്റ്റ് 10ന് നീണ്ടകര അഴിമുഖത്ത് കടൽക്ഷോഭത്തിൽ അകപ്പെട്ട ബോട്ടിലായുണ്ടായിരുന്ന 150 മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിച്ച സാഹസികതയ്ക്ക് ഇന്നും ആരാധകർ ഏറെ. സഹപ്രവർത്തകർ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും കണ്ണപ്പൻ എന്ന സ്വന്തം ബോട്ടിൽ മൂന്നുതവണയായി കലങ്ങിമറിഞ്ഞ കടലിന്റെ ആഴങ്ങളിൽനിന്ന് നിരവധി പേരെയാണ് രക്ഷിച്ചത്. 1987ലെ സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി പ്രഖ്യാപിച്ച ജീവൻ രക്ഷാപതക് പുരസ്കാരം ഈ ധീരതയെ തേടിയെത്തി. 1992ൽ വീണ്ടുമൊരു സാഹസ്സിക രക്ഷാപ്രവർത്തനത്തിനും ജോൺലോറൻസ് മുന്നിട്ടിറങ്ങി. 1992ആഗസ്ത് 21ന് നീണ്ടകര അഴിമുഖത്ത് ഉണ്ടായ കടൽക്ഷോഭത്തിൽ അകപ്പെട്ട 23 മത്സ്യത്തൊഴിലാളികളുടെ ജീവനാണ് അന്ന് രക്ഷിച്ചത്. 1994ലെ സ്വാതന്ത്ര്യദിനത്തിൽ രണ്ടാമതും ജീവൻ രക്ഷാപതക് ഇദ്ദേഹത്തെ തേടിയെത്തി. ദാരിദ്ര്യം മൂലം എൽപി തലത്തിൽ പഠനം നിർത്തിയ ജോൺ ലോറൻസ് ഫിഷിങ് ബോട്ടിൽ ഉപജീവനം തുടങ്ങിയങ്കിലും നാടകങ്ങളിലും നിറ സാന്നിധ്യമായിരുന്നു. നടൻ ജയൻ നായകനായ മീൻ എന്ന സിനിമയിൽ സ്രാങ്കായും വേഷമിട്ടു. ബോട്ടിൽ ജയനുമായുള്ള സംഘട്ടനരംഗം ഓർത്ത് പറയുമായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. Read on deshabhimani.com