ഉപഭോക്തൃ പരാതിപരിഹാര സംവിധാനങ്ങൾ ജനകീയമാക്കും

ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിക്കുന്നു


തിരുവനന്തപുരം ഉപഭോക്തൃ പരാതികൾക്ക് പരിഹാരം കാണാനുള്ള സർക്കാർ സംവിധാനങ്ങൾ കൂടുതൽ ജനകീയമാക്കുമെന്ന് മന്ത്രി ജി ആർ അനിൽ. ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഓൺലൈൻ വിൽപ്പനയുടെയും മൾട്ടിലെവൽ മാർക്കറ്റിങ്ങിന്റെയും കാലഘട്ടത്തിൽ ഉപഭോക്തൃ സേവന, തർക്ക പരിഹാര സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണം. ഇതിനായി തർക്കപരിഹാര സേവനങ്ങൾക്ക് ഓൺലൈൻ, വീഡിയോ കോൺഫറൻസിങ് മാർഗങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കും. സ്‌കൂൾ, -കോളേജ് തലത്തിൽ ആയിരം ബോധവൽക്കരണ ക്ലബ്ബുകൾ സ്ഥാപിച്ച് വിദ്യാർഥികളെ ഉപഭോക്തൃ സേവന പ്രചാരകരാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഉപഭോക്തൃ പരാതി പരിഹാരനിരക്ക് 50 ശതമാനത്തിൽനിന്ന് നിലവിൽ 168 ശതമാനമായി വർധിച്ചിട്ടുണ്ട്. കമീഷനുകൾ ഫലപ്രദമായി പ്രവർത്തിക്കുന്നു എന്നതിന് തെളിവാണ് ഈ വേഗവും വർധനയും. പൊലീസ് സഹായത്തോടെ വിധി നടപ്പാക്കാൻ തുടങ്ങിയപ്പോൾ ജനങ്ങളിൽ കൂടുതൽ വിശ്വാസ്യതയും ഉറപ്പുമുണ്ടായെന്നും  മന്ത്രി പറഞ്ഞു. ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷനായി. കൗൺസിലർമാരായ രാഖി രവികുമാർ, ജി മാധവദാസ്, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ പ്രസിഡന്റ് പി വി ജയരാജൻ, കൺസ്യൂമർ കമീഷൻ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. എൻ ജി മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.   Read on deshabhimani.com

Related News