വസന്തോത്സവത്തിന് ഇന്ന് തുടക്കം

വസന്തോത്സവത്തിന്റെ ഭാ​ഗമായി കനകക്കുന്നിൽ നടക്കുന്ന പുഷ്പോത്സവത്തിന്റെ അവസാനഘട്ട ഒരുക്കത്തിൽ


തിരുവനന്തപുരം പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വർണക്കാഴ്ചയൊരുക്കി പുതുവർഷത്തെ വരവേൽക്കാൻ കനകക്കുന്ന് ഒരുങ്ങി. ടൂറിസം വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിക്കുന്ന "വസന്തോത്സവം' ബുധൻ വൈകിട്ട് ആറിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. മന്ത്രി ജി ആർ അനിൽ മുഖ്യാതിഥിയാകും.    "ഇലുമിനേറ്റിങ് ജോയ്, സ്പ്രെഡിങ് ഹാർമണി' എന്ന ആശയത്തിലാണ് ആഘോഷ പരിപാടി.  കഴിഞ്ഞ വർഷത്തേക്കാൾ പതിന്മടങ്ങ് സൗന്ദര്യത്തോടെയാണ് പുതുവർഷത്തെ വരവേറ്റുകൊണ്ടുള്ള ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്. കനകക്കുന്നിലെ പ്രവേശന കവാടത്തിൽ ദീപാലങ്കാരത്തിനൊപ്പം പ്രത്യേക ആശയം അടിസ്ഥാനമാക്കിയുള്ള ഇൻസ്റ്റലേഷനും ഉണ്ടായിരിക്കും. നടവഴികളും മരങ്ങളും കൊട്ടാരമതിലുകളും ദീപാലങ്കാരത്തിന്റെ ഭാഗമാകും. പടുകൂറ്റൻ ഗ്ലോബ്, ലണ്ടനിലെ ക്രിസ്മസിനെ ഓർമിപ്പിക്കും വിധം യൂറോപ്യൻ സ്ട്രീറ്റ്, കുട്ടികൾക്കായി സിൻഡ്രല്ല, പോളാർ ബിയർ, ദിനോസർ, വിവിധ ലൈറ്റുകൾ കൊണ്ടുള്ള രൂപങ്ങൾ എന്നിവയുമുണ്ടാകും.   മനോഹരമായ പൂച്ചെടികളുടെ ഉദ്യാനം, ബോൺസായിയുടെ അപൂർവ ശേഖരം, കട്ട് ഫ്ളവർ ഡിസ്‌പ്ലേ, വിവിധ ഇനം ചെടികളുടെ അപൂർവ ശേഖരങ്ങളുമായി സർക്കാർ സ്ഥാപനങ്ങളുടെയും നഴ്സറികളുടെയും സ്റ്റാളുകൾ എന്നിവ വസന്തോത്സവത്തിലുണ്ടാകും. ഔഷധസസ്യ പ്രദർശനം, ബയോ ഡൈവേഴ്സിറ്റി എക്സിബിഷൻ, ഭക്ഷ്യമേള, അമ്യൂസ്മെന്റ്‌ പാർക്ക്, വ്യാപാരമേള, വിവിധ കലാപരിപാടികൾ എന്നിവയാണ് പരിപാടിയുടെ മറ്റ് ആകർഷണങ്ങൾ.   തിരുവനന്തപുരം ചുവപ്പും വെള്ളയും അണിഞ്ഞ്‌, സാന്റായുടെ തൊപ്പിവച്ച്‌ മാലാഖക്കുഞ്ഞുങ്ങൾ നേരത്തെ ഒരുങ്ങിയെത്തി. പുൽക്കൂടും ബലൂണുകളും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളുമൊരുങ്ങിയ ഹാളിൽ ക്രിസ്മസ്‌ അപ്പൂപ്പനായി അക്ഷമയോടെയുള്ള കാത്തിരിപ്പ്‌. കരോൾ ഗാനത്തിന്റെ അകമ്പടിയോടെ ചുവന്ന കുപ്പായമിട്ട്‌ വെള്ളത്താടിയും കുഞ്ഞിക്കുടവയറുമായി പാപ്പാഞ്ഞി തോൾസഞ്ചിയിൽ നിറയെ മധുര സമ്മാനവുമായെത്തി. മേശയിൽ കേക്കുകൾ നിരന്നു. വർണാഭമായ കാഴ്‌ചകൾ കുരുന്നുകളുടെ കണ്ണിൽ നക്ഷത്രത്തിളക്കമേകി. കുട്ടികൾ ഓടിക്കൂടി. കൈനിറയെ സമ്മാനങ്ങളുമായി തിരികെ ഇരിപ്പിടത്തിലേക്ക്‌. കുറച്ചുനേരം പങ്കുവയ്ക്കലിന്റെ ബഹളം. വെൺമയുള്ള കുഞ്ഞുടുപ്പിനേക്കാൾ നിർമലമായിരുന്നു അവരുടെ ഹൃദയങ്ങൾ. സംസ്ഥാന ശിശുക്ഷേമ സമിതി കുട്ടികൾക്കായി സംഘടിപ്പിച്ച ക്രിസ്‌മസ് പുതുവത്സരാഘോഷ ചടങ്ങിലായിരുന്നു കുളിർമയുള്ള കാഴ്‌ചകൾ.   നൂറിലധികം കുരുന്നുകളാണ്‌ വളർത്തമ്മമാരുടെ കൈപിടിച്ച് ക്രിസ്മസ് ആഘോഷിച്ചത്. കുസൃതിക്കുടുക്കകളുടെ ചിരിയിലലിഞ്ഞ് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി കേക്ക്‌ മുറിച്ചു.    സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി, വൈസ് പ്രസിഡന്റ് പി സുമേശൻ, ഒ എം ബാലകൃഷ്ണൻ, കുക്കു വിനോദ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News