ശ്രീകാര്യത്ത് മേൽപ്പാലം ഉയരും
കഴക്കൂട്ടം ശ്രീകാര്യം ഫ്ലൈ ഓവർ നിർമാണ ഉദ്ഘാടനം ജനുവരി ഒന്നിന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 535 മീറ്ററിൽ നാലുവരി പാതയുള്ള മേൽപ്പാലമാണ് ശ്രീകാര്യത്ത് ഉയരുക. കിഫ്ബി അനുവദിച്ച 177.52 കോടി രൂപ വിനിയോഗിച്ചാണ് നിർമാണം. ഇരുവശത്തും 7 മീറ്റർ വീതിയിൽ സർവീസ് റോഡുമുണ്ടാകും. കല്ലമ്പള്ളി മുതൽ ചാവടിമുക്ക് വരെയാണ് മേൽപ്പാലം. 18 മാസത്തിനകം നിർമാണം പൂർത്തിയാക്കണം. തിരുവനന്തപുരം നഗരത്തിലെ ഇടുങ്ങിയ കവലയാണ് ശ്രീകാര്യം. ഗതാഗതക്കുരുക്ക് രൂക്ഷമായ ഇവിടെ മെഡിക്കൽകോളേജ് ആശുപത്രിയിലേക്കുള്ള ആംബുലൻസുകൾ അടക്കം കടന്നുപോകാൻ ഏറെ സമയമാണെടുത്തിരുന്നത്. നഗരത്തിലേക്ക് കടക്കാൻ കഴക്കൂട്ടം, ചെമ്പഴന്തി, ആക്കുളം ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ എത്തുന്നത് ശ്രീകാര്യത്തേക്കാണ്. നിർദിഷ്ട ലൈറ്റ് മെട്രോ പദ്ധതിയുടെ ആവശ്യകതയും ഉൾക്കൊള്ളിച്ചാണ് ഫ്ലൈ ഓവറിന്റെ രൂപകൽപ്പന. മേൽപ്പാലം യാഥാർഥ്യമാകുന്നതോടെ ശ്രീകാര്യത്തെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നും തലസ്ഥാന നഗരത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ശ്രീകാര്യം ഫ്ലൈഓവർ ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പറഞ്ഞു. 163 കെട്ടിടങ്ങളാണ് 3 ഘട്ടങ്ങളിലായി പൊളിച്ചുമാറ്റി. കല്ലമ്പള്ളിമുതല് ലയോള റോഡിന്റെ തുടക്കംവരെയുള്ള 63 കെട്ടിടങ്ങളില്‍ 60 എണ്ണം ആദ്യഘട്ടത്തില്‍ പൊളിച്ചുമാറ്റി. ശേഷിച്ച വില്ലേജ് ഓഫീസ് കെട്ടിടം പഴയ ശ്രീകാര്യം പഞ്ചായത്ത് നിർമിച്ച മാർക്കറ്റും പഞ്ചായത്ത് കെട്ടിടവുമാണ് ഏറ്റവും അവസാനം പൊളിച്ചത്. സ്വാഗതസംഘമായി മേൽപ്പാലം നിർമാണ ഉദ്ഘാടനം വിജയിപ്പിക്കാനായി സ്വാഗതസംഘം രൂപീകരിച്ചു. രൂപീകരണ യോഗം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡി രമേശൻ, സ്റ്റാൻലി ഡിക്രൂസ്, മേടയിൽ വിക്രമൻ, ചെമ്പഴന്തി ഉദയൻ, ജോൺസൺ ജോസഫ്, സി ലെനിൻ, വി എസ് പത്മകുമാർ, വി ജയപ്രകാശ്, എസ് പി ദീപക്, കെ ശ്രീകുമാർ, എം പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. ചെയർമാനായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും കൺവീനറായി സ്റ്റാൻലി ഡിക്രൂസിനെയും തെരഞ്ഞെടുത്തു. Read on deshabhimani.com