മൺകലവിൽപ്പന തകൃതി
തിരുവനന്തപുരം > ആറ്റുകാൽ പൊങ്കാല അടുത്തതോടെ നഗരത്തിൽ മൺകലവിൽപ്പന തകൃതി. കച്ചവടക്കാരുടെ മൺകലവിൽപ്പനയുടെ ആരവങ്ങൾ മുഴങ്ങുകയാണ് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ. സ്ഥിരം വിൽപ്പനക്കാർക്കുപുറമെ 'അതിഥി' താരങ്ങളായി ഉത്സവസീസണിൽമാത്രം കച്ചവടം നടത്തുന്നവരും രംഗത്തുണ്ട്. ഒരു കലമെങ്കിലും കൂടുതൽ വിൽക്കാൻ പലതരം നമ്പരുകൾ ഇറക്കിയാണ് കച്ചവടം പൊടിപൊടിക്കുന്നത്. കിള്ളിപ്പാലത്തെ വഴിയോരത്ത് വിൽപ്പന നടത്തുന്ന ഓമനയമ്മ ചട്ടിയിൽ കൊട്ടിപ്പാടിയാണ് ജനശ്രദ്ധയാകർഷിക്കുന്നത്. നാഗർകോവിലിൽനിന്ന് ലോറിയിൽ കൊണ്ടുവന്ന കലങ്ങൾ വിറ്റുതീർക്കാനുള്ള തത്രപ്പാടിലാണ് ഓമനയും നഗരത്തിന്റെ മുക്കിലും മൂലയിലും കാണുന്ന മറ്റ് കച്ചവടക്കാരും. ഇവരിൽ പലരും സ്ഥിരം മൺപാത്രക്കച്ചവടക്കാരല്ല, മറിച്ച് ഉത്സവസമയത്ത് മാത്രം പാത്രം വിൽപ്പനയ്ക്കിറങ്ങുന്നവരാണ്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ 60 രൂപയ്ക്ക് പൊങ്കാലക്കലം ലഭിക്കുമെങ്കിലും കിഴക്കേകോട്ടയും കഴിഞ്ഞ് ആറ്റുകാലിനോട് അടുക്കുംതോറും വില 180വരെയെത്തുന്നു. വരുംദിനങ്ങളിൽ വില 200 കടക്കും. പൊങ്കാലക്കലങ്ങളേക്കാൾ ഇപ്പോൾ കൂടുതൽ വിൽക്കുന്നത് വഴിപാട് നേർച്ചയ്ക്കായുള്ള ചെറുകലങ്ങളാണ്. 60, 65 എന്നിങ്ങനെയാണ് ചെറുകലങ്ങളുടെ വില. അടുപ്പ് കൂട്ടാനുള്ള ഇഷ്ടികകളും വിൽപ്പനയ്ക്കുണ്ട്. മൂന്നിഷ്ടികയ്ക്ക് 40 രൂപയാണ് മിക്ക കടകളിലും വില. വരുംദിനങ്ങളിൽ ആവശ്യമായ വിറകുമെത്തിച്ച് 'കോമ്പോ ഓഫറാ'യി വിൽപ്പന നടത്താനാണ് കച്ചവടക്കാർ ഉദ്ദേശിക്കുന്നത്. Read on deshabhimani.com