വിശ്വജിത്തിന് വിടയേകാൻ 
വിതുമ്പലടങ്ങാതെ നാട്

അച്ഛൻ ദീപു, അമ്മ രമ്യ, സഹോദരൻ ദേവജിത് 
എന്നിവർക്കൊപ്പം വിശ്വജിത് (ഫയൽചിത്രം)


കൊല്ലം ഇരു കാലും തളർന്ന അച്ഛന്‍ ദീപുവിന്റെ സ്വപ്നവും പ്രതീക്ഷയുമായിരുന്നു മൂത്തമകന്‍ വിശ്വജിത്തും സഹോദരൻ ദേവജിത്തും. അതിലൊരുവന്‍ അപകടത്തില്‍പ്പെട്ട് വേര്‍പിരിയുമ്പോള്‍ നാടിനൊന്നാകെ തീരാനൊമ്പരമായി. വ്യാഴം രാവിലെയാണ് സ്വകാര്യ ബസിനടിയില്‍പ്പെട്ട് ഒമ്പതു വയസ്സുകാരൻ വിശ്വജിത് മരിച്ചത്.   ജീവിത പ്രാരാബ്ദങ്ങളോട് ഒന്നായി പടവെട്ടി രണ്ടു മക്കളെയും നല്ല രീതിയിൽ പഠിപ്പിച്ച് ഉന്നത വിദ്യാഭ്യാസം നൽകണമെന്ന ഉറച്ച തീരുമാനമായിരുന്നു ദീപുവിനെ ലോട്ടറിക്കച്ചവടത്തിലേക്ക് നയിച്ചത്. ലോട്ടറി വിറ്റുകിട്ടുന്ന തുകയിൽനിന്നാണ് കുട്ടികളുടെ വിദ്യാഭ്യാസവും മറ്റു വീട്ടുചെലവും നടന്നിരുന്നത്. ദീപുവിന് സ്വന്തമായിട്ട് ഉണ്ടായിരുന്ന മൂന്നു സെന്റ് വസ്തു കൊല്ലം തോട് വികസനത്തിനായി വിട്ടുനൽകി. ഇതില്‍നിന്ന് കിട്ടിയ തുക കൊണ്ട് തന്റെ രണ്ടു സഹോദരിമാരുടെ വിവാഹത്തിന്റെ കടങ്ങൾ വീട്ടാൻ മാത്രമേ ദീപുവിന് സാധിച്ചിരുന്നുള്ളൂ. തെക്കേവിളയിലുള്ള കുടുംബവീട്ടിലാണ് ഇപ്പോൾ ദീപുവും കുടുംബവും താമസിക്കുന്നത്. പഠനകാര്യത്തിലും മറ്റു കായിക ഇനങ്ങളിലും വിശ്വജിത് മുന്നിലായിരുന്നു. സ്കൂൾ ജൂനിയർ ഫുട്ബോൾ ടീമിലും അംഗമായിരുന്ന വിശ്വജിത്തിന്റെ മരണമറിഞ്ഞെത്തിയ സഹപാഠികളുടെയും അധ്യാപകരുടെയും ദുഃഖം കണ്ടുനിന്നവരുടെ കണ്ണിലും ഈറനണിയിച്ചു. അകാലത്തിലുണ്ടായ വിശ്വജിത്തിന്റെ വേർപാട് കുടുംബത്തിനൊപ്പം നാടിനും തീരാനോവായി. Read on deshabhimani.com

Related News